ആരാണ് അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയത്? ആരാണ് ഏഴുവര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച മന്ത്രിസഭയുടെ ശില്‍പി. കെ. കരുണാകരനും സി.എച്ച് മുഹമ്മദ് കോയയും ടി.വി തോമസും എം.എന്‍ ഗോവിന്ദന്‍ നായരുമുള്‍പ്പെട്ട വന്‍ മലകള്‍ നിരന്നുനിന്ന മന്ത്രിസഭ. കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരേയൊരു ആഭ്യന്തര മന്ത്രിയുണ്ടായ ഭരണം. വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ലോക മാതൃകയായി ഐക്യരാഷ്ട്ര സംഘടന വാഴ്ത്തിപ്പറഞ്ഞ 'കേരള മോഡല്‍' രൂപകല്‍പന ചെയ്ത സര്‍ക്കാര്‍.
കാലം കടന്നുപോകുമ്പോള്‍ ചരിത്രത്തില്‍ ചിലത് മാഞ്ഞുപോകുന്നു. മലയാളിയുടെ മനസ്സിന്റെ കല്ലില്‍ കൊത്തിവെച്ച മുദ്രകള്‍പോലും. 'ജനാധിപത്യ കേരളത്തിലെ അച്യുതമേനോനെ'കുറിച്ച് രണ്ടുമാസം മുമ്പ് ഒരു പുസ്തകമിറങ്ങി. അതില്‍ അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രി എങ്ങനെയുണ്ടായി എന്ന ഭാഗം വരുമ്പോള്‍ വെളിച്ചം കമ്മി. ആ മന്ത്രിസഭയുടെ പെരുന്തച്ചന്‍ കോവിലിനു പുറത്ത്.
133ല്‍ 117 സീറ്റുമായി അധികാരമേറിയ സപ്തമുന്നണി മന്ത്രിസഭയാണ് രണ്ടുവര്‍ഷംകൊണ്ട് താഴെയിറങ്ങിയത്. മുഖ്യമന്ത്രി ഇ.എം.എസ് എന്ന മഹാ കൗശലത്തിന് ഒരു ബദല്‍ നിര്‍ദേശിക്കാനില്ലാത്ത ഘട്ടം. അവിടെയാണ് ഒരു ദശാബ്ദമായി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെടാത്ത സൗമ്യനായ ഒരാള്‍ കൃത്യം എട്ടാം ദിവസം - 1970 നവംബര്‍ ഒന്നിന് - ഭരണനേതൃത്വമേല്‍ക്കുന്നത്. രാജ്യസഭാംഗമായ സി. അച്യുതമേനോന്‍. ആയുധംകൊണ്ടും ആശയംകൊണ്ടും സി.പി.എം പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ സി.പി.ഐയില്‍നിന്ന് ഒരു മുഖ്യമന്ത്രി.
'പാര്‍ട്ടി (സി.പി.ഐ)യുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കഴിയാന്‍ മുന്നണി നേതാക്കള്‍ അവുക്കാദര്‍കുട്ടിനഹയുടെ ഔദ്യോഗിക വസതിയായ ലിന്‍ഡേഴ്‌സ് ബംഗ്ലാവില്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. സഖാവിന്റെ (അച്യുതമേനോന്‍) പ്രതികരണമറിഞ്ഞിട്ടുവേണം അവര്‍ക്കൊക്കെ ആശ്വസിക്കുവാന്‍' എന്ന് പറയുന്ന പുസ്തകത്തില്‍ പക്ഷെ ആ ഒത്തുചേരലിന്റെ പ്രഭവകേന്ദ്രമില്ല. മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. 'ദല്‍ഹിയിലായിരുന്ന അച്യുതമേനോനെ വിളിച്ചുവരുത്തി കേരളത്തിന്റെ മുഖ്യമന്ത്രിപദമേല്‍പിച്ചുകൊടുത്ത ബാഫഖി തങ്ങള്‍' എന്ന ചുവരെഴുത്ത് അങ്ങനെ മാഞ്ഞുപോകില്ല. ആ കേരളപ്പിറവി ദിനം പില്‍ക്കാലം ഇന്ത്യക്ക് മാതൃകയായ രാഷ്ട്രീയ സഖ്യത്തിന്റെ ജന്മനാളാണ്. പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ മാറ്റിവെച്ച് ഫാസിസംപോലുള്ള പൊതു ശത്രുവിനെതിരെ ഒന്നിക്കാന്‍ മതേതര കക്ഷികള്‍ക്ക് പരീക്ഷിക്കാവുന്ന മുന്നണിമാര്‍ഗം, ഐക്യകക്ഷികള്‍ എന്ന യു.ഡി.എഫിന്റെ പിറവി. തീവ്ര കമ്മ്യൂണിസത്തെ മിതവാദ കമ്മ്യൂണിസം കൊണ്ട് പ്രതിരോധിക്കുന്ന സൂത്രവും. അങ്ങനെയാണ് അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയുണ്ടാകുന്നത്. കഠിനാധ്വാനവും കരുനീക്കങ്ങളും കൊണ്ട് അത് സാധ്യമാക്കിയ ശില്‍പിയുടെ പേരാണ് ബാഫഖി തങ്ങള്‍. ഇക്കാര്യത്തില്‍ സംശയിക്കുന്നവര്‍ക്കു മറുപടി ആ കാലത്തിന്റെ കര്‍മ്മസാക്ഷി പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ കെ.ആര്‍ ചുമ്മാറിലുണ്ട്.
1973 ജനുവരി 19ന് വെള്ളിയാഴ്ച പുലര്‍ച്ചെ മക്കയില്‍ മരണപ്പെട്ട ബാഫഖി തങ്ങളെക്കുറിച്ച് ചുമ്മാര്‍ എഴുതി: 'ഒരിക്കലെങ്കിലും കേരള നിയമസഭയിലോ, ഇന്ത്യന്‍ പാര്‍ലമെന്റിലോ അംഗമായിട്ടില്ലെങ്കിലും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുതല്‍ മുഖ്യമന്ത്രി അച്യുതമേനോന്‍വരെ ബാഫഖിതങ്ങളുടെ തീരുമാനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കടന്നുപോയിട്ടുണ്ട്. എറണാകുളത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ 15 മിനിട്ടുമാത്രം സംസാരിച്ച ശ്രീമതി ഗാന്ധി, തന്റെ മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന തിരക്കിട്ട പരിപാടികള്‍ക്കിടയിലും അര മണിക്കൂറിലധികം ബാഫഖി തങ്ങളുമായി സംസാരിക്കുകയുണ്ടായി. അടുത്ത കാലത്ത് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവ് ബാഫഖിതങ്ങളായിരുന്നു. പത്രക്കാരോട് വളരെ കുറച്ച് മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. പക്ഷേ അദ്ദേഹം തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം പത്ര മണ്ഡലത്തില്‍ ഒരു സജീവ ചിന്താവിഷയമുണ്ടാകും.
1960 മുതല്‍ കേരളത്തിലുണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളുടെയും സ്രഷ്ടാവ് ബാഫഖിതങ്ങളായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയാവില്ല. ചരിത്രപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിരോധം നയ രൂപവല്‍ക്കരണത്തില്‍ ഒരു നിയാമക ഘടകമായി പരിഗണിക്കാറുള്ള മുസ്‌ലിംലീഗ് ആദ്യമായി കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാന്‍ തീരുമാനിച്ചത് ബാഫഖിതങ്ങള്‍ ലീഗ് നേതൃത്വം ഏറ്റെടുത്ത ശേഷമാണ്. 1959ലെ വിമോചന സമരത്തിന്റെ മുന്‍നിരയില്‍ ബാഫഖിതങ്ങള്‍ നിലയുറപ്പിച്ചതോടുകൂടിയാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറ്റം വന്നത്. 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടിരുന്ന മലബാര്‍ പ്രദേശത്തെ പല നിയോജക മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന് വീണ്ടെടുത്ത് കൊടുക്കാനും മുസ്‌ലിംലീഗിന് തിരു-കൊച്ചി പ്രദേശത്തും കുറെ ശക്തികേന്ദ്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിന് കഴിഞ്ഞു.
1967ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുചേരാനുള്ള നിര്‍ണ്ണായകവും സുപ്രധാനവുമായ ഒരു തീരുമാനമെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതനായി. തന്റെ ഉത്തമ വിശ്വാസങ്ങള്‍ക്ക് തികച്ചും അനുയോജ്യമായിരുന്നില്ലെങ്കിലും അധികാരം മുസ്‌ലിംലീഗിന് അപ്രാപ്യമല്ലെന്ന് വരുത്താന്‍ ആ തീരുമാനംകൊണ്ട് സാധിച്ചു. നമ്പൂതിരിപ്പാടിന്റെ രാജിയോടെ, രാജ്ഭവനിലും കേന്ദ്രത്തിലും ഒരുപോലെ ''ഇനി എന്ത്'' എന്ന ചോദ്യം ഫണമുയര്‍ത്തി നില്‍ക്കുമ്പോള്‍ മന്ത്രി അവുക്കാദര്‍കുട്ടിനഹയുടെ ഔദ്യോഗിക വസതിയായ ലിന്‍ഡേഴ്‌സിലിരുന്ന് ബാഫഖി തങ്ങള്‍ ഒരു പുതിയ മന്ത്രിസഭക്ക് രൂപം നല്‍കുകയായിരുന്നു. ഉറപ്പുള്ള ഒരു മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. 1969 നവംബര്‍ ഒന്നാംതീയതി അച്യുതമേനോന്‍ മന്ത്രിസഭ രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പുതിയ മുഖ്യമന്ത്രിയുടെ മുഖത്തേക്കെന്നപോലെ ബാഫഖിതങ്ങളുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അതദ്ദേഹത്തിന്റെ ഒരു വിജയദിനം കൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നതാണ് കാരണം. (മലയാള മനോരമ, 1973 ജനുവരി 20).
ഗുരുതരമായ പ്രമേഹവും മറ്റുമായി അനാരോഗ്യം അലട്ടുമ്പോഴും ഇരുപത്തിമൂന്നാമത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ബാഫഖിതങ്ങള്‍ മക്കയിലെത്തി. അറുപത്തിയേഴാം വയസ്സില്‍. രോഗകാഠിന്യത്താല്‍ ദേഹമുലയുമ്പോഴും കര്‍മങ്ങളെല്ലാം സ്വയം നിര്‍വഹിച്ച് എല്ലാ ദിവസവും അഞ്ച് വഖ്തിലും അര കിലോമീറ്ററിലേറെ വടിയൂന്നി നടന്നു പരിശുദ്ധ ഹറമിലേക്ക്. പനിക്കിടക്കയിലും രാത്രി വൈകി നമസ്‌കരിച്ച പ്രാര്‍ത്ഥനാ പുണ്യവുമായി ദുല്‍ഹജ്ജിന്റെ വെള്ളിയാഴ്ചരാവില്‍ ദുനിയാവിനോട് വിട. ജീവിതത്തില്‍ ഒരു വഖ്ത്‌പോലും ഖളാഅ് ആയിട്ടില്ലെന്ന്, നമസ്‌കാരം കൃത്യമായി നിര്‍വഹിച്ചു പോന്നതിന്റെ അഭിമാനം ഏറ്റവും വലിയ ജീവിത സൗഭാഗ്യമായി കൊണ്ടുനടന്ന ബാഫഖി തങ്ങള്‍ക്ക് പൂര്‍വ പിതാക്കളുടെ ദേശത്ത് നിത്യവിശ്രാന്തി. പ്രവാചക പത്‌നി ഖദീജാബീവി (റ) യുടെ ഖബറിടത്തിനരികെ ജന്നത്തുല്‍ മുഹല്ലയില്‍.
ബൈത്തുല്‍ മുഖദ്ദസില്‍ മസ്ജിദിനോട് ചേര്‍ന്നുനില്‍ക്കുന്ന ഭാഗത്ത് മൗലാനാ മുഹമ്മദലിയുടെ ഖബറിടം ഒരു യാത്രയില്‍ കണ്ടിട്ടുണ്ട് . ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാവ് മൗലാനാ മുഹമ്മദലി ജൗഹറിന്റെ അന്ത്യവിശ്രമ സ്ഥാനം എന്ന് പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡില്‍ ബഹുഭാഷയില്‍ എഴുതിവെച്ചിരിക്കുന്നു. മൗലാനാ മുഹമ്മദലി സര്‍വേന്ത്യാ മുസ്‌ലിംലീഗ് പ്രസിഡന്റ്. ബാഫഖി തങ്ങള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്.
1937ലെ മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ സഹോദരീ ഭര്‍ത്താവ് പി.എം ആറ്റക്കോയ തങ്ങളുടെ വിജയത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ ബാഫഖി തങ്ങള്‍ക്കു സജീവ രാഷ്ട്രീയമില്ല. പരാജയപ്പെട്ടത് പക്ഷേ നിയമനിര്‍മ്മാണ സഭയിലെ അനിവാര്യ സാന്നിധ്യമാവേണ്ട മുസ്‌ലിംലീഗ് നേതാവ് ബി. പോക്കര്‍ സാഹിബായിരുന്നു. അതിന്റെ ഖേദം തങ്ങള്‍ തീര്‍ത്തത് 1938 മുതല്‍ 1973 വരെ ജീവിതംതന്നെ സമുദായത്തിന് ദാനം നല്‍കിയാണ്. കോഴിക്കോട് ടൗണ്‍ മുസ്‌ലിംലീഗ് ഖജാഞ്ചിയില്‍ തുടങ്ങി അഖിലേന്ത്യാ അധ്യക്ഷ പദവിവരെ.
ഇന്ത്യാ വിഭജനത്തിന്റെ സങ്കീര്‍ണ്ണത മുറ്റിയ, നിരോധനത്തിന്റെ ഭീഷണികള്‍ വാതിലില്‍ മുട്ടി വിളിക്കുന്ന കാലം. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ ധീരനേതൃത്വമായിരുന്ന പ്രസിഡന്റ് സത്താര്‍ സേട്ടുസാഹിബ് ഉദ്യോഗാര്‍ത്ഥം പാക്കിസ്താനിലേക്ക് പോയ ശൂന്യതയും. ആ പ്രതിസന്ധി ഘട്ടത്തില്‍ കെ.എം സീതിസാഹിബിന്റെ സ്‌നേഹപൂര്‍ണമായ സമ്മര്‍ദ്ദത്താല്‍ ബാഫഖിതങ്ങള്‍ സമുദായത്തിന്റെ അമരമേറ്റെടുത്തു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍. ആത്മീയ രംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറര്‍. മദ്രസാ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിന്റെ നേതൃത്വം. പള്ളി ദര്‍സുകള്‍ ആധുനീകരിച്ച് ഉന്നത മത ബിരുദത്തിന് പ്രാപ്തമാക്കാന്‍ കേരളത്തില്‍ അറബിക് കോളജുകളുടെ ആരംഭമായി ജാമിഅഃ നൂരിയ്യ സ്ഥാപനത്തിനു മുന്നിട്ടിറങ്ങി. മുസ്‌ലിം വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഫാറൂഖ്, മമ്പാട്, തിരൂരങ്ങാടി, മണ്ണാര്‍ക്കാട് തുടങ്ങി നിരവധി കോളജുകള്‍, എണ്ണമറ്റ സ്‌കൂളുകള്‍, യതീംഖാനകള്‍ എന്നിവയെല്ലാം രൂപപ്പെടുത്താന്‍ ബാഫഖിതങ്ങള്‍ സ്വയം ഒരു പ്രസ്ഥാനമായി. സമ്പത്തും ആരോഗ്യവും സമര്‍പ്പിച്ചു. മലപ്പുറം ജില്ലയും കാലിക്കറ്റ് സര്‍വകലാശാലയുമെല്ലാം ബാഫഖി തങ്ങളുടെ ഉത്സാഹ മുദ്രകള്‍. ന്യൂനപക്ഷ, പിന്നാക്ക ജനതയില്‍ അറിവും ആത്മാഭിമാനവും അവകാശബോധവും വളര്‍ത്താന്‍ 'ചന്ദ്രിക'യെ ഉന്നത വിഹായസ്സിലേക്ക് നയിച്ച മാനേജിങ് ഡയരക്ടര്‍. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളെ ധര്‍മ്മബോധമുള്ളവരായി ഒരുക്കിയെടുത്ത സമുദായ പരിഷ്‌കര്‍ത്താവ്. അതിനൊപ്പം കോഴിക്കോടും ബര്‍മ്മയുമുള്‍പ്പെടെ നാട്ടിലും മറുനാട്ടിലും പരന്നുകിടക്കുന്ന വ്യാപാരരംഗം. വിപുലമായ കുടുംബശൃംഖല. 21 മക്കള്‍. അവരുടെ വിദ്യാഭ്യാസമുള്‍പ്പെടെ ദൈനംദിന ജീവിതവ്യവഹാരങ്ങള്‍. ഇതിനെല്ലാമിടയില്‍ അനാഥരും അഗതികളുമായവര്‍ക്കു ആഹാരത്തിനും പഠനത്തിനും മത സ്ഥാപനങ്ങളുടെ നടത്തിപ്പിനും കൃത്യമായി പണമെത്തിച്ച് കൊടുക്കുന്ന ജാഗ്രത.
വര്‍ഗീയ കലാപങ്ങളുടെ തീ പടരാന്‍ തുടങ്ങിയ നടുവട്ടത്തും പയ്യോളിയിലും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും ബാഫഖി തങ്ങള്‍ ജീവന്‍ പണയംവെച്ച് നടത്തിയ സമാധാന ശ്രമങ്ങളും അക്രമം പ്രതീക്ഷിക്കാവുന്ന ദേശങ്ങളിലൂടെയുള്ള കാല്‍നട ശാന്തിയാത്രകളും ചരിത്രത്തില്‍ രേഖപ്പെട്ടതാണ്.
സൂഫീ മാനസനായ രാഷ്ട്രീയാചാര്യന്‍ ഖാഇദെമില്ലത്തിനെ ബാഫഖിതങ്ങള്‍ 'തലൈവര്‍' എന്ന് വിളിക്കുമ്പോള്‍ തിരിച്ച് അദ്ദേഹം പറയും; തങ്ങളാണ് എന്റെ തലൈവര്‍. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും എന്ന ചേരുവ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വിത്തിട്ട മൈത്രിയുടെ പൂമരം. അതാണ് സി.എച്ചിലൂടെ, ശിഹാബ് തങ്ങളിലൂടെ പില്‍ക്കാലം സ്‌നേഹ സുഗന്ധം പരത്തിയത്. ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിലൂടെ പുതിയ കാലം ഹൃദയത്തിലേറ്റുവാങ്ങുന്നതും.
1958 അവസാനം. തൃശൂര്‍ ജില്ലയിലെ മണത്തലയില്‍ ക്ഷേത്രത്തിനും പള്ളിക്കും മുമ്പിലൂടെ വാദ്യഘോഷങ്ങളുമായി പോകുന്നത് സംബന്ധിച്ച തര്‍ക്കം ഭീകരമായ വര്‍ഗീയ കലാപത്തിലേക്ക് വഴുതുമെന്നറിഞ്ഞ് ബാഫഖിതങ്ങള്‍ ഓടിയെത്തിയ രംഗം പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ എം. അലിക്കുഞ്ഞി വിവരിക്കുന്നുണ്ട്. ഒത്തുതീര്‍പ്പിനു ശ്രമിച്ച കെ. കേളപ്പനെപോലും ജനസംഘക്കാര്‍ കൂവി. ഈ ഘട്ടത്തിലാണ് ബാഫഖിതങ്ങളും കേളപ്പനും വി.എം നായരും അനുരഞ്ജന സംഭാഷണത്തിന് ചാവക്കാട് ടി.ബിയില്‍ എത്തിയത്.
ചര്‍ച്ചക്കിടെ ബാഗില്‍നിന്ന് മുസല്ലയെടുത്ത് അസര്‍ നമസ്‌കരിക്കട്ടെ എന്നുപറഞ്ഞ് വെള്ളമെടുക്കാന്‍ കെറ്റിലുമായി അദ്ദേഹം കുളിമുറിയിലേക്ക് പോയി. ഉടന്‍ തിരിച്ചുവന്നത് കണ്ടപ്പോള്‍ നമസ്‌കാരം കഴിഞ്ഞോ എന്ന് കേളപ്പന്‍ ചോദിച്ചു. വെള്ളമില്ലെന്നായിരുന്നു തങ്ങളുടെ മറുപടി. ഇതുകേട്ട് ഒരു ജനസംഘം വളണ്ടിയര്‍വന്ന് തങ്ങളുടെ കൈയില്‍നിന്ന് കെറ്റില്‍ വാങ്ങി പുറത്തേക്കോടി. എവിടെയോ പോയി വെള്ളം കൊണ്ടുവന്നു. തങ്ങള്‍ 'വുളു'എടുക്കാന്‍ തുടങ്ങിയപ്പോള്‍ കൈയിലേക്ക് വെള്ളമൊഴിച്ചുകൊടുക്കുകയാണ് ജനസംഘം വളണ്ടിയര്‍.
ബാഫഖിതങ്ങള്‍ എന്ന ആ സ്‌നേഹമഴയില്‍ കെട്ടുപോയി എല്ലാ കലാപ തീനാളങ്ങളും
സി.പി സൈതലവി
1/19/2015
ചന്ദ്രിക ദിനപത്രം
No comments:
Post a Comment