Wednesday, January 18, 2017

ബാഫഖി തങ്ങള്‍ പുരസ്‌കാരം

കോഴിക്കോട്: ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ ബാഫഖി തങ്ങള്‍ പുരസ്‌കാരത്തിന് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും സി.പി കുഞ്ഞുമുഹമ്മദും അര്‍ഹരായി.
ജനുവരി 19 വ്യാഴായ്ച ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജീവിതം സമുദായത്തിനു സമര്‍പ്പിച്ച ബാഫഖി തങ്ങള്‍


സ്വാതന്ത്ര്യാനന്തരം നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1952 ലെ മദ്രാസ് അസംബ്ലി ഇലക്ഷനില്‍ മലബാറില്‍ മുസ്‌ലിംലീഗിനു 5 സീറ്റ് കിട്ടി. കോണ്‍ഗ്രസിനു 4 എണ്ണമാണ് ലഭിച്ചത്. പരസ്പരം പോരടിച്ച തെരഞ്ഞെടുപ്പായിരുന്നുവെങ്കിലും മദ്രാസ് സംസ്ഥാനത്ത് കോണ്‍ഗ്രസിനു അധികാരത്തില്‍ വരാന്‍ മുസ്‌ലിം ലീഗ് സഹായിച്ചു. കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം. ചടയന്‍ എന്നിവരായിരുന്നു ജയിച്ച അഞ്ചുപേര്‍. രാജാജി മന്ത്രിസഭയെ അധികാരത്തിലേറ്റാവുന്നത്ര കരുത്തിലേക്ക് മുസ്‌ലിംലീഗ് വളര്‍ന്നതില്‍ പലര്‍ക്കും അസഹിഷ്ണുതയായി.


മുസ്‌ലിംലീഗിന്റെ ശക്തി ക്ഷയിപ്പിക്കണമെന്ന ലക്ഷ്യത്തോടെ തല്‍പര കക്ഷികള്‍ പല പദ്ധതികളുമിട്ടു പ്രവര്‍ത്തിച്ചു. മസ്ജിദുകള്‍ക്കു മുന്നിലൂടെ വാദ്യമേളങ്ങളുമായി പോകാന്‍ ഒരു വശത്ത് ജനസംഘത്തെ പ്രേരിപ്പിക്കുക, അത് തടയാന്‍ മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുക. അങ്ങിനെ വര്‍ഗീയ കലാപമുണ്ടാക്കി മുസ്‌ലിംലീഗിനെ അമര്‍ത്തിക്കളയാമെന്ന വ്യാമോഹമായിരുന്നു ലീഗ് വിരോധികള്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തിലാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ തന്റേടവും ധീരതയും കേരള രാഷ്ട്രീയത്തിന്റെ പൊതു ശ്രദ്ധയില്‍ കടന്നുവരുന്നത്. നടുവട്ടത്ത് ഇങ്ങിനെ ഒരു സംഭവമുണ്ടാകുമെന്ന് കണ്ടപ്പോള്‍ നടുവട്ടത്തെ പള്ളിയുമായി ബന്ധമുള്ളവരെ വിളിച്ചുവരുത്തി ഒരനുരഞ്ജനശ്രമം നടത്തി.


പിറ്റേ ദിവസം തങ്ങള്‍ സംഭവ സ്ഥലത്ത് പോയി. ആക്രമണത്തിനു മുതിരരുതെന്നും കലക്ടര്‍ പര്യടനത്തിലാണെന്നും ബാഫഖി തങ്ങള്‍ മാത്തോട്ടത്തിലെ പള്ളിയില്‍ മുസ്‌ലിംകളോടുപദേശിച്ചു. ആ ഘട്ടത്തില്‍ ബഫഖി തങ്ങളെ എതിര്‍ക്കാന്‍ മാത്രമല്ല കയ്യേറ്റം ചെയ്യാന്‍ പോലും ചിലര്‍ മുതിര്‍ന്നു. മുസ്‌ലിംലീഗിന്റെ ഒരു സമ്മേളനം ബീച്ച് ഹോട്ടലിന്റെ പിന്‍വശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ചു കൂടാന്‍ തീരുമാനിച്ച സന്ദര്‍ഭമായിരുന്നു അത്. കോഴിക്കോട്ട് നിരോധനാജ്ഞ നടപ്പാക്കി ആ സമ്മേളനം ഇല്ലാതാക്കണമെന്ന ഗൂഢോദ്ദേശ്യവും നടുവട്ടം സംഭവത്തിന്റെ പിന്നിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെയും കെ.എം സീതി സാഹിബിന്റെയും നയതന്ത്രജ്ഞതമൂലം 144 പാസ്സാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മുസ്‌ലിം ലീഗ് സമ്മേളനം ഭംഗിയായി നടന്നു.


പയ്യോളിയിലുണ്ടായിരുന്ന ഒരു സമുദായികാസ്വാസ്ഥ്യം ഒതുക്കാന്‍ സി.എച്ച് മുഹമ്മദ് കോയയോടൊപ്പം എത്തിയ ബാഫഖി തങ്ങളെ കഠാരയുമായി അക്രമിക്കാന്‍ ചെന്നുവെങ്കിലും തങ്ങളുടെ ധീരതയും ആത്മാര്‍ത്ഥതയും നിറഞ്ഞ പെരുമാറ്റം അക്രമികളെ നിര്‍വീര്യമാക്കുകയാണ് ഉണ്ടായത്. രാഷ്ട്ര മീമാംസ കലക്കികുടിച്ചവരെന്ന് കരുതപ്പെടുന്നവരെ കൂടി അത്ഭുതപ്പെടുത്തുന്ന വിധം ഉന്നതമായ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനുള്ള ബാഫഖി തങ്ങളുടെ കഴിവ് പലപ്പോഴും കണ്ടതാണ്. ആദ്യം രൂപീകരിച്ചുവെച്ചതായിരിക്കുകയില്ല തങ്ങളുടെ അഭിപ്രായം. മുന്‍ വിധി തങ്ങള്‍ ഒരിക്കലുമെടുക്കുകയുമില്ല. ചര്‍ച്ചാവേളയില്‍ സംഗതികള്‍ മനസ്സിലാക്കും. തനിക്ക് മനസ്സിലാവാത്തത് മനസ്സിലായിട്ടില്ലെന്ന് തുറന്നു പറയും.


അത് മനസ്സിലാക്കികഴിഞ്ഞതിനുശേഷമേ ചര്‍ച്ച തുടരാന്‍ വിടുകയുള്ളൂ. ആ സാഹചര്യത്തിലാണ് ബാഫഖി തങ്ങള്‍ തന്റെ അഭിപ്രായം രൂപീകരിക്കുക. വിഷയങ്ങള്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കുകയും സസൂക്ഷ്മം പരിശോധിക്കുകയും ചെയ്യും. എന്നിട്ടും തനിക്ക് കാര്യം വ്യക്തമായിട്ടില്ലെങ്കില്‍ ചോദിച്ചുപഠിക്കും. അതില്‍ മൂപ്പിളമയോ, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമോ കക്ഷിഭിന്നതയോ തടസ്സമായിരുന്നില്ല. ‘ചോദിച്ചുചോദിച്ചു സ്വര്‍ഗത്തില്‍പോകും. നാണിച്ചു, നാണിച്ചു നരകത്തില്‍ പോകും’ ഇതായിരുന്നു തങ്ങള്‍ ആവര്‍ത്തിക്കാറുണ്ടായിരുന്ന ആപ്തവാക്യം. ബാഫഖി തങ്ങള്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്നത് 1936 ലാണ്.


മദിരാശി നിയമനിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കറുമ്പ്രനാട് മുസ്‌ലിം നിയോജക മണ്ഡലത്തില്‍ തങ്ങളുടെ ഉറ്റ ബന്ധുകൂടിയായ ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളായിരുന്നു ഒരു സ്ഥാനാര്‍ത്ഥി. രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ബാഫഖി തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ക്കു പിന്തുണ നല്‍കി. ആറ്റക്കോയയെ എതിര്‍ത്തിരുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ബി. പോക്കര്‍ സാഹിബായിരുന്നു. ബാഫഖി തങ്ങളുടെ നിഷ്‌ക്കളങ്കതക്ക് ഉദാഹരണമായി ഈ തെരഞ്ഞെടുപ്പിലെ ഒരു സംഭവം പറയാറുണ്ട്. കോഴിക്കോട് കലക്ടറേറ്റില്‍ ആറ്റക്കോയ തങ്ങളും പോക്കര്‍ സാഹിബും അവരവരുടെ നോമിനേഷന്‍ സമര്‍പ്പിച്ചു പുറത്തുവന്നു. പോക്കര്‍ സാഹിബ് ആദ്യമായി കണ്ടത് ബാഫഖി തങ്ങളെയായിരുന്നു. കണ്ട ഉടനെ പറഞ്ഞു: തങ്ങള്‍ ദുആ ചെയ്യണം.


ഉടന്‍ തങ്ങളുടെ മറുപടി ‘എല്ലാ കാര്യത്തിലും ദുആ ചെയ്യാം, പക്ഷെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ താങ്കള്‍ തോല്‍ക്കാനേ ദുആയിരക്കുകയുള്ളൂ, എന്നാലല്ലെ ഞങ്ങള്‍ക്ക് ജയിക്കാനാവൂ. എനിക്ക് ഭംഗിവാക്കു പറയാന്‍ അറിയില്ല’. ബാഫഖി തങ്ങളുടെ ഈ ഉള്ളു തുറന്ന സംസാരം എന്നെ ഏറെ സന്തോഷിപ്പിച്ചു വെന്നു പിന്നീടൊരിക്കല്‍ പോക്കര്‍ സാഹിബ് പറയുകയുണ്ടായി. മുസ്‌ലിംകള്‍ ഒരു ജമാഅത്തായി നില്‍ക്കണമെന്നത് എക്കാലവും ബാഫഖി തങ്ങളുടെ ആത്മാര്‍ത്ഥമായ ഒരു അഭ്യര്‍ത്ഥനയായിരുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയെ അന്നു എതിര്‍ക്കേണ്ടി വന്നതില്‍ ബാഫഖി തങ്ങള്‍ക്ക് മനോവേദനയുണ്ടായിരുന്നു. അതിനൊരു പ്രായശ്ചിത്തം ചെയ്യാനവസരം കാത്തുകൊണ്ടിരുന്നു.


മലബാറില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളേ അന്നുണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ സത്താര്‍ സേട്ടു സാഹിബ്, കെ.എം സീതി സാഹിബ്, എ.കെ കുഞ്ഞിമായിന്‍ ഹാജി, സി.പി മമ്മുക്കേയി തുടങ്ങിയവര്‍ക്കൊപ്പം ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തിന് മലബാറിലെ മുക്കിലും മൂലയിലും സഞ്ചരിക്കുകയും വ്യാപാരം പോലും മറന്ന് ഊണും ഉറക്കവും ഉപേക്ഷിച്ചു തന്റെ സമയവും സേവനവും സംഘടനക്കുവേണ്ടി ഉഴിഞ്ഞുവെക്കുകയും ചെയ്തു. ഇസ്‌ലാമും ഈമാനും ഇബാദത്തും ജീവിതത്തില്‍ പ്രായോഗികമാക്കിയ ബാഫഖി തങ്ങള്‍ മുസ്‌ലിം ലീഗിന്റെ പ്രചാരവേലക്ക് നാഴികകള്‍ താണ്ടി.


ബാഫഖി തങ്ങള്‍ സദാ അനുയായികളോട് പറയും: മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ അവരുടെ ശബ്ദം അവഗണിക്കാനാര്‍ക്കും കഴിയുകയില്ല. അവരെ അവഹേളിക്കാനും ആവില്ല. ഒരു കാര്യം ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. നിങ്ങള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുക. അല്ലാഹുവിനെ ഭയപ്പെട്ടാല്‍ നിങ്ങള്‍ ലോകത്താരേയും ഭയപ്പെടേണ്ടതില്ല. അല്ലാഹുവിനെ ഭയപ്പെടാതെ മറ്റുള്ളവരെ ഭയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പൂച്ചയെയും എലിയേയും ഭയപ്പെടേണ്ടതായിവരും.


അല്ലാഹു നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക് നിങ്ങള്‍ക്ക് നില്‍കാനുള്ളത്. പണവും ഏഷണിയും ഭീഷണിയും നിങ്ങള്‍ക്കെതിരായി ഉണ്ടാകും. ആ ഘട്ടങ്ങളിലെല്ലാം പതറാതെ ചിതറാതെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുക. അല്ലാഹു നമ്മുടെ മഹത്തായ സംഘടനയുടെ അസ്തിത്വം നിലനിറുത്തട്ടെ, അതിന്റെ അഭിമാനവും അന്തസ്സും ഉയര്‍ത്തട്ടെ, വ്യക്തി വിദ്വേഷം നിങ്ങള്‍ക്കൊരിക്കലും ഉണ്ടാവരുത്. നിങ്ങളുടെ എതിര്‍ ചേരിയിലുള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കൂടെ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്’.


അഴിമതിക്കെതിരായി പൊരുതുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. മനുഷ്യന്‍ എന്തു ചെയ്താലും അതിനു അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരുമെന്ന ബോധം എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ ഇസ്‌ലാമിന്റെയും ഈമാനിന്റെയും ഉരക്കല്ലില്‍ ഉരസിയേ അദ്ദേഹം ഏതു കാര്യങ്ങളും വീക്ഷിക്കുകയുള്ളൂ. തന്റെ വിശ്വാസ പ്രമാണത്തിന്നും പ്രഖ്യാപിത നയത്തിന്നും നിരക്കാത്ത പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതില്‍ പ്രതിഷേധിച്ചിട്ടും ഫലമില്ലെങ്കില്‍ നിസ്സഹകരിക്കുകയെങ്കിലും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിന്റെ പ്രതിഫലനമായിരുന്നു 1969ല്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുമായി മുസ്‌ലിംലീഗ് അകലാനുള്ള കാരണം.


നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ നിന്നു മുസ്‌ലിം ലീഗും മറ്റും വിട്ടുപോകണമെന്ന തീരുമാനം എടുത്തിരുന്നത് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. ആ തീരുമാനം ‘തീക്കൊള്ളികൊണ്ട് തല ചൊറിയലാണെ’ന്നു പലര്‍ക്കും തോന്നി. ഒരു മന്ത്രിസഭ വീണ്ടും രൂപീകരിക്കുന്ന പ്രശ്‌നം അസാധ്യമായിട്ടാണ് പലരും കരുതിയത്. ഗവര്‍ണര്‍ വിശ്വനാഥന്‍പോലും ആ അഭിപ്രായക്കാരനായിരുന്നു. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ രാജിവെച്ചു. രണ്ടാമത് മന്ത്രിസഭ രൂപം കൊള്ളാനുള്ള സാഹചര്യമില്ല. പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തുന്നതിന്നുള്ള രേഖകള്‍ തയ്യാറാക്കാനുള്ള തിരക്കായിരുന്നു രാജ്ഭവനില്‍.



വരാനിരിക്കുന്ന അഡൈ്വസറുടെ പേര്‍കൂടി അഭിപ്രായപ്പെട്ടുകഴിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് വൈകുന്നേരം 4-45 നു ബാഫഖി തങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നത്. ഒരു കയ്യില്‍ കെറ്റലും മറു കയ്യില്‍ ചെറിയൊരു ബാഗും ചുമലില്‍ ഒരു മുസല്ലയുമായി വിമാനത്തില്‍ നിന്ന് ഇറങ്ങിവരുന്ന ബാഫഖി തങ്ങളെ പത്രപ്രതിനിധികള്‍ സമീപിച്ചു. ബാഗും കെറ്റലും ആലിക്കുഞ്ഞിയുടെ കയ്യില്‍ കൊടുത്തു നേരെ വി.ഐ.പി റൂമില്‍ കയറി മുസല്ല വിരിച്ചു.


അതിലിടക്ക് ഒരു പത്ര പ്രതിനിധി കയറി ചോദിച്ചു മന്ത്രിസഭ ഉണ്ടാകുമോ? ഉടനെ ചിരിച്ചുകൊണ്ട് അതിനെന്തു സംശയം എന്നായിരുന്നു തങ്ങളുടെ മറു ചോദ്യം, ‘എനിക്ക് 5 മിനിട്ട് സമയം തരിക’ എന്നു തങ്ങള്‍ തുടര്‍ന്നു പറഞ്ഞു. തങ്ങള്‍ അസര്‍ നമസ്‌കാരം ആരംഭിച്ചു. നമസ്‌കാരം കഴിഞ്ഞു ബാഫഖി തങ്ങള്‍ പുറത്തുവന്നു. ‘ഒരു ഒന്നാന്തരം മുഖ്യമന്ത്രിയെ കേരളത്തിന്നു നല്‍കികൊണ്ട് ഒരു മന്ത്രിസഭ ഉണ്ടാവുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് അത് പോരെ എന്നു പത്രക്കാരോട് അവര്‍ ചോദിക്കാതെ തന്നെ പറഞ്ഞുകൊണ്ട് തങ്ങള്‍ കാറില്‍ കയറാന്‍ നടന്നു.


അവുക്കാദര്‍കുട്ടി നഹയുടെ വീട്ടില്‍ തങ്ങളെത്തി. ബാഫഖിതങ്ങള്‍ അവിടുത്തെ സ്വകാര്യ ടെലിഫോണ്‍ മുറിയില്‍ പോയി രണ്ടുമൂന്നു സ്ഥലത്തേക്കു ഡയല്‍ ചെയ്തു പുറത്തുവന്നു. അപ്പോഴേക്കു രാജ്ഭവനില്‍ നിന്നും ഒരു സന്ദേശം: ഗവര്‍ണര്‍ക്കു ബാഫഖി തങ്ങളെ കാണണമെന്ന്. ബാഫഖി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും ഗവര്‍ണറെ കാണാന്‍ പോയി. കുറച്ചു കഴിഞ്ഞ് അച്യുതമേനോന്‍ എവിടെയോ നിന്നു പ്രത്യക്ഷപ്പെട്ടു. ബാഫഖി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം രാജിഭവനിലേക്ക് പോയി. മന്ത്രിസഭ ജനിച്ചു. തങ്ങളുടെ കരങ്ങളാല്‍ തുടങ്ങിവെക്കപ്പെട്ട അനേകം മസ്ജിദുകളും മദ്‌റസകളും അറബി കോളജുകളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥശാലകളും കേറളമാകെ നിറഞ്ഞുനില്‍ക്കുന്നു.



ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും അനേകം മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും കേരളത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലമാകെ നിറവെളിച്ചം ചൊരിഞ്ഞു നിന്ന ജന നായകനുമായിരിക്കേയാണ് 1973 ജനുവരി 19ന് പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ശേഷം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മക്കാ ശരീഫില്‍ വിടവാങ്ങിയത്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സന്താന പരമ്പരയില്‍ 37 ാം തലമുറയിലെ പുത്രനായി ജനിച്ച സയ്യിദ് ബാഫഖി തങ്ങളുടെ അന്ത്യ വിശ്രമ സ്ഥാനം ജന്നത്തുല്‍ മഹല്ലയില്‍ പ്രവാചക പത്‌നി ഖദീജ(റ)യുടെ ഖബറിനരികെയാണെന്നത് ആ ജീവിത പുണ്യത്തിന്റെ മറ്റൊരു നിദര്‍ശനമാണ്.



ഒടുവിലത്തെ ഹജ്ജ് യാത്രക്കുപോകുന്നതിനുമുമ്പ് 1972 ഡിസംബര്‍ 26ന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ‘എന്റെ ജീവിതകാലം മുഴുവനും പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിനുവേണ്ടി ചിലവഴിക്കാന്‍ ശ്രമിച്ചു. നല്ലവരായ മുസ്‌ലിം സഹോദരന്മാരുടെ നിസ്വാര്‍ത്ഥമായ സഹകരണം എനിക്ക് ലഭിച്ചപ്പോള്‍ ജാമിഅ: നൂരിയ്യ: തുടങ്ങി പലതും നേടിയെടുക്കാന്‍ കഴിഞ്ഞു. ഇനി അതിനെ സംരക്ഷിക്കേണ്ട ചുമതല സമുദായത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും വളര്‍ന്നുവരുന്ന യുവ പണ്ഡിതന്മാരുടെതുമാണ്. അക്കാര്യത്തില്‍ കൃത്യ വിലോപം കാണിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് അവര്‍ നാളെ സമാധാനം പറയേണ്ടിവരും.


നിങ്ങളുടെ ദൃഷ്ടിയില്‍ ശാരീരികമായി ഞാന്‍ വളരെ സുഖമുള്ളവനാണ്. എന്നാല്‍ പലവിധ സുഖക്കേടുകളും എന്നെ കാര്‍ന്നു തിന്നുന്നുണ്ടെന്ന സത്യം നിങ്ങളില്‍ അധികമാരും അറിഞ്ഞിരിക്കില്ല. തടികൊണ്ട് തീരെ ആഫിയത്ത് ഇല്ലാത്ത ഈ സന്ദര്‍ഭത്തിലും പ്രവാചക പ്രഭു പെറ്റു വളര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ആ പരിശുദ്ധ ഭൂമിയില്‍പോയി താമസിക്കണമെന്ന ആഗ്രഹം ഏതു സമയവും എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ കര്‍ശനമായ വിലക്കുണ്ടായിട്ടും പോകാന്‍ തന്നെ തീരുമാനിച്ചു. ഇന്നല്ലെങ്കില്‍ നാളെ നാം എല്ലാവരും മരിക്കും. നമ്മുടെ മരണം ആ പുണ്യ ഭൂമിയില്‍ വെച്ചായിരിക്കാം. നിങ്ങളെല്ലാവരും ദുആ ചെയ്യുക എന്നുമാത്രമാണ് ഈ സമയത്ത് നിങ്ങളോട് എനിക്ക് വസ്വിയത്ത് ചെയ്യാനുള്ളത്’ പ്രസംഗത്തിനിടയില്‍ പലതവണ അദ്ദേഹം മരണത്തെ സ്പര്‍ശിച്ച് സംസാരിക്കുകയുണ്ടായി. ആവാക്കുകള്‍ സാര്‍ത്ഥകമാകുമെന്ന് അന്നാരും കരുതിക്കാണില്ല.


1973ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു മുമ്പായി 1972 ഡിസംബര്‍ 31ന് ദേഹ പരിശോധനക്കായി ഡോ. സി.കെ രാമചന്ദ്രനെ സമീപിച്ച അവസരത്തില്‍ അദ്ദേഹം മൂന്നു മാസക്കാലത്തേക്കുള്ള മരുന്നുകള്‍ കുറിച്ചു നല്‍കിയിരുന്നതില്‍ ഒരു മരുന്നു മത്രം 19 എണ്ണമേ മെഡിക്കല്‍ ഷാപ്പില്‍ നിന്നും ലഭ്യമായുള്ളൂ. പോരാതെ വരുന്ന മരുന്നുകള്‍ ബോംബെയില്‍ എത്തിയാല്‍ അവിടെ നിന്ന് വാങ്ങണമെന്ന് യാത്രക്കിടെ പറഞ്ഞപ്പോള്‍ കിട്ടിയതൊക്കെ കഴിക്കാം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടെങ്കിലല്ലേ എന്നായിരുന്നു മറുപടി. 19 ദിവസത്തെ മരുന്ന് കഴിച്ച തങ്ങള്‍ അടുത്ത ദിവസം ജനുവരി 19ന് പരലോകം പ്രാപിച്ചു.
മക്കളില്‍ പിതാവുമായും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവസരം കിട്ടിയ ഒരു മകനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും പഠനാര്‍ഹവും ചിന്തനീയവുമായിരുന്നു. യാത്രകളിലും രാഷ്ട്രീയ സമ്മേളനങ്ങളിലും ചര്‍ച്ചകള്‍ക്കിടയിലും പിതാവിന്റെ ഒപ്പമുണ്ടായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒട്ടേറെ സംഭവങ്ങളില്‍ ദൃക്‌സാക്ഷിയാവാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ബാഫഖി തങ്ങള്‍ എന്ന മഹാനുഭവന്റെ പുത്രനായി ജനിക്കാന്‍ കഴിഞ്ഞു എന്നുള്ളതുതന്നെയാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സുകൃതം.

സയ്യിദ് ഹംസ ബാഫഖി

Tuesday, January 19, 2016

ബാഫഖിതങ്ങള്‍ എന്ന ചുവരെഴുത്ത്

ആരാണ് അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയത്? ആരാണ് ഏഴുവര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച മന്ത്രിസഭയുടെ ശില്‍പി. കെ. കരുണാകരനും സി.എച്ച് മുഹമ്മദ് കോയയും ടി.വി തോമസും എം.എന്‍ ഗോവിന്ദന്‍ നായരുമുള്‍പ്പെട്ട വന്‍ മലകള്‍ നിരന്നുനിന്ന മന്ത്രിസഭ. കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരേയൊരു ആഭ്യന്തര മന്ത്രിയുണ്ടായ ഭരണം. വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ലോക മാതൃകയായി ഐക്യരാഷ്ട്ര സംഘടന വാഴ്ത്തിപ്പറഞ്ഞ 'കേരള മോഡല്‍' രൂപകല്‍പന ചെയ്ത സര്‍ക്കാര്‍.

കാലം കടന്നുപോകുമ്പോള്‍ ചരിത്രത്തില്‍ ചിലത് മാഞ്ഞുപോകുന്നു. മലയാളിയുടെ മനസ്സിന്റെ കല്ലില്‍ കൊത്തിവെച്ച മുദ്രകള്‍പോലും. 'ജനാധിപത്യ കേരളത്തിലെ അച്യുതമേനോനെ'കുറിച്ച് രണ്ടുമാസം മുമ്പ് ഒരു പുസ്തകമിറങ്ങി. അതില്‍ അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രി എങ്ങനെയുണ്ടായി എന്ന ഭാഗം വരുമ്പോള്‍ വെളിച്ചം കമ്മി. ആ മന്ത്രിസഭയുടെ പെരുന്തച്ചന്‍ കോവിലിനു പുറത്ത്.

133ല്‍ 117 സീറ്റുമായി അധികാരമേറിയ സപ്തമുന്നണി മന്ത്രിസഭയാണ് രണ്ടുവര്‍ഷംകൊണ്ട് താഴെയിറങ്ങിയത്. മുഖ്യമന്ത്രി ഇ.എം.എസ് എന്ന മഹാ കൗശലത്തിന് ഒരു ബദല്‍ നിര്‍ദേശിക്കാനില്ലാത്ത ഘട്ടം. അവിടെയാണ് ഒരു ദശാബ്ദമായി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെടാത്ത സൗമ്യനായ ഒരാള്‍ കൃത്യം എട്ടാം ദിവസം - 1970 നവംബര്‍ ഒന്നിന് - ഭരണനേതൃത്വമേല്‍ക്കുന്നത്. രാജ്യസഭാംഗമായ സി. അച്യുതമേനോന്‍. ആയുധംകൊണ്ടും ആശയംകൊണ്ടും സി.പി.എം പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ സി.പി.ഐയില്‍നിന്ന് ഒരു മുഖ്യമന്ത്രി.

'പാര്‍ട്ടി (സി.പി.ഐ)യുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കഴിയാന്‍ മുന്നണി നേതാക്കള്‍ അവുക്കാദര്‍കുട്ടിനഹയുടെ ഔദ്യോഗിക വസതിയായ ലിന്‍ഡേഴ്‌സ് ബംഗ്ലാവില്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. സഖാവിന്റെ (അച്യുതമേനോന്‍) പ്രതികരണമറിഞ്ഞിട്ടുവേണം അവര്‍ക്കൊക്കെ ആശ്വസിക്കുവാന്‍' എന്ന് പറയുന്ന പുസ്തകത്തില്‍ പക്ഷെ ആ ഒത്തുചേരലിന്റെ പ്രഭവകേന്ദ്രമില്ല. മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. 'ദല്‍ഹിയിലായിരുന്ന അച്യുതമേനോനെ വിളിച്ചുവരുത്തി കേരളത്തിന്റെ മുഖ്യമന്ത്രിപദമേല്‍പിച്ചുകൊടുത്ത ബാഫഖി തങ്ങള്‍' എന്ന ചുവരെഴുത്ത് അങ്ങനെ മാഞ്ഞുപോകില്ല. ആ കേരളപ്പിറവി ദിനം പില്‍ക്കാലം ഇന്ത്യക്ക് മാതൃകയായ രാഷ്ട്രീയ സഖ്യത്തിന്റെ ജന്മനാളാണ്. പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ മാറ്റിവെച്ച് ഫാസിസംപോലുള്ള പൊതു ശത്രുവിനെതിരെ ഒന്നിക്കാന്‍ മതേതര കക്ഷികള്‍ക്ക് പരീക്ഷിക്കാവുന്ന മുന്നണിമാര്‍ഗം, ഐക്യകക്ഷികള്‍ എന്ന യു.ഡി.എഫിന്റെ പിറവി. തീവ്ര കമ്മ്യൂണിസത്തെ മിതവാദ കമ്മ്യൂണിസം കൊണ്ട് പ്രതിരോധിക്കുന്ന സൂത്രവും. അങ്ങനെയാണ് അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയുണ്ടാകുന്നത്. കഠിനാധ്വാനവും കരുനീക്കങ്ങളും കൊണ്ട് അത് സാധ്യമാക്കിയ ശില്‍പിയുടെ പേരാണ് ബാഫഖി തങ്ങള്‍. ഇക്കാര്യത്തില്‍ സംശയിക്കുന്നവര്‍ക്കു മറുപടി ആ കാലത്തിന്റെ കര്‍മ്മസാക്ഷി പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ കെ.ആര്‍ ചുമ്മാറിലുണ്ട്.

1973 ജനുവരി 19ന് വെള്ളിയാഴ്ച പുലര്‍ച്ചെ മക്കയില്‍ മരണപ്പെട്ട ബാഫഖി തങ്ങളെക്കുറിച്ച് ചുമ്മാര്‍ എഴുതി: 'ഒരിക്കലെങ്കിലും കേരള നിയമസഭയിലോ, ഇന്ത്യന്‍ പാര്‍ലമെന്റിലോ അംഗമായിട്ടില്ലെങ്കിലും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുതല്‍ മുഖ്യമന്ത്രി അച്യുതമേനോന്‍വരെ ബാഫഖിതങ്ങളുടെ തീരുമാനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കടന്നുപോയിട്ടുണ്ട്. എറണാകുളത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ 15 മിനിട്ടുമാത്രം സംസാരിച്ച ശ്രീമതി ഗാന്ധി, തന്റെ മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന തിരക്കിട്ട പരിപാടികള്‍ക്കിടയിലും അര മണിക്കൂറിലധികം ബാഫഖി തങ്ങളുമായി സംസാരിക്കുകയുണ്ടായി. അടുത്ത കാലത്ത് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവ് ബാഫഖിതങ്ങളായിരുന്നു. പത്രക്കാരോട് വളരെ കുറച്ച് മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. പക്ഷേ അദ്ദേഹം തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം പത്ര മണ്ഡലത്തില്‍ ഒരു സജീവ ചിന്താവിഷയമുണ്ടാകും.

1960 മുതല്‍ കേരളത്തിലുണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളുടെയും സ്രഷ്ടാവ് ബാഫഖിതങ്ങളായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയാവില്ല. ചരിത്രപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിരോധം നയ രൂപവല്‍ക്കരണത്തില്‍ ഒരു നിയാമക ഘടകമായി പരിഗണിക്കാറുള്ള മുസ്‌ലിംലീഗ് ആദ്യമായി കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാന്‍ തീരുമാനിച്ചത് ബാഫഖിതങ്ങള്‍ ലീഗ് നേതൃത്വം ഏറ്റെടുത്ത ശേഷമാണ്. 1959ലെ വിമോചന സമരത്തിന്റെ മുന്‍നിരയില്‍ ബാഫഖിതങ്ങള്‍ നിലയുറപ്പിച്ചതോടുകൂടിയാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറ്റം വന്നത്. 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടിരുന്ന മലബാര്‍ പ്രദേശത്തെ പല നിയോജക മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന് വീണ്ടെടുത്ത് കൊടുക്കാനും മുസ്‌ലിംലീഗിന് തിരു-കൊച്ചി പ്രദേശത്തും കുറെ ശക്തികേന്ദ്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിന് കഴിഞ്ഞു.

1967ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുചേരാനുള്ള നിര്‍ണ്ണായകവും സുപ്രധാനവുമായ ഒരു തീരുമാനമെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതനായി. തന്റെ ഉത്തമ വിശ്വാസങ്ങള്‍ക്ക് തികച്ചും അനുയോജ്യമായിരുന്നില്ലെങ്കിലും അധികാരം മുസ്‌ലിംലീഗിന് അപ്രാപ്യമല്ലെന്ന് വരുത്താന്‍ ആ തീരുമാനംകൊണ്ട് സാധിച്ചു. നമ്പൂതിരിപ്പാടിന്റെ രാജിയോടെ, രാജ്ഭവനിലും കേന്ദ്രത്തിലും ഒരുപോലെ ''ഇനി എന്ത്'' എന്ന ചോദ്യം ഫണമുയര്‍ത്തി നില്‍ക്കുമ്പോള്‍ മന്ത്രി അവുക്കാദര്‍കുട്ടിനഹയുടെ ഔദ്യോഗിക വസതിയായ ലിന്‍ഡേഴ്‌സിലിരുന്ന് ബാഫഖി തങ്ങള്‍ ഒരു പുതിയ മന്ത്രിസഭക്ക് രൂപം നല്‍കുകയായിരുന്നു. ഉറപ്പുള്ള ഒരു മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. 1969 നവംബര്‍ ഒന്നാംതീയതി അച്യുതമേനോന്‍ മന്ത്രിസഭ രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പുതിയ മുഖ്യമന്ത്രിയുടെ മുഖത്തേക്കെന്നപോലെ ബാഫഖിതങ്ങളുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അതദ്ദേഹത്തിന്റെ ഒരു വിജയദിനം കൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നതാണ് കാരണം. (മലയാള മനോരമ, 1973 ജനുവരി 20).

ഗുരുതരമായ പ്രമേഹവും മറ്റുമായി അനാരോഗ്യം അലട്ടുമ്പോഴും ഇരുപത്തിമൂന്നാമത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ബാഫഖിതങ്ങള്‍ മക്കയിലെത്തി. അറുപത്തിയേഴാം വയസ്സില്‍. രോഗകാഠിന്യത്താല്‍ ദേഹമുലയുമ്പോഴും കര്‍മങ്ങളെല്ലാം സ്വയം നിര്‍വഹിച്ച് എല്ലാ ദിവസവും അഞ്ച് വഖ്തിലും അര കിലോമീറ്ററിലേറെ വടിയൂന്നി നടന്നു പരിശുദ്ധ ഹറമിലേക്ക്. പനിക്കിടക്കയിലും രാത്രി വൈകി നമസ്‌കരിച്ച പ്രാര്‍ത്ഥനാ പുണ്യവുമായി ദുല്‍ഹജ്ജിന്റെ വെള്ളിയാഴ്ചരാവില്‍ ദുനിയാവിനോട് വിട. ജീവിതത്തില്‍ ഒരു വഖ്ത്‌പോലും ഖളാഅ് ആയിട്ടില്ലെന്ന്, നമസ്‌കാരം കൃത്യമായി നിര്‍വഹിച്ചു പോന്നതിന്റെ അഭിമാനം ഏറ്റവും വലിയ ജീവിത സൗഭാഗ്യമായി കൊണ്ടുനടന്ന ബാഫഖി തങ്ങള്‍ക്ക് പൂര്‍വ പിതാക്കളുടെ ദേശത്ത് നിത്യവിശ്രാന്തി. പ്രവാചക പത്‌നി ഖദീജാബീവി (റ) യുടെ ഖബറിടത്തിനരികെ ജന്നത്തുല്‍ മുഹല്ലയില്‍.
ബൈത്തുല്‍ മുഖദ്ദസില്‍ മസ്ജിദിനോട് ചേര്‍ന്നുനില്‍ക്കുന്ന ഭാഗത്ത് മൗലാനാ മുഹമ്മദലിയുടെ ഖബറിടം ഒരു യാത്രയില്‍ കണ്ടിട്ടുണ്ട് . ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാവ് മൗലാനാ മുഹമ്മദലി ജൗഹറിന്റെ അന്ത്യവിശ്രമ സ്ഥാനം എന്ന് പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡില്‍ ബഹുഭാഷയില്‍ എഴുതിവെച്ചിരിക്കുന്നു. മൗലാനാ മുഹമ്മദലി സര്‍വേന്ത്യാ മുസ്‌ലിംലീഗ് പ്രസിഡന്റ്. ബാഫഖി തങ്ങള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്.

1937ലെ മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ സഹോദരീ ഭര്‍ത്താവ് പി.എം ആറ്റക്കോയ തങ്ങളുടെ വിജയത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ ബാഫഖി തങ്ങള്‍ക്കു സജീവ രാഷ്ട്രീയമില്ല. പരാജയപ്പെട്ടത് പക്ഷേ നിയമനിര്‍മ്മാണ സഭയിലെ അനിവാര്യ സാന്നിധ്യമാവേണ്ട മുസ്‌ലിംലീഗ് നേതാവ് ബി. പോക്കര്‍ സാഹിബായിരുന്നു. അതിന്റെ ഖേദം തങ്ങള്‍ തീര്‍ത്തത് 1938 മുതല്‍ 1973 വരെ ജീവിതംതന്നെ സമുദായത്തിന് ദാനം നല്‍കിയാണ്. കോഴിക്കോട് ടൗണ്‍ മുസ്‌ലിംലീഗ് ഖജാഞ്ചിയില്‍ തുടങ്ങി അഖിലേന്ത്യാ അധ്യക്ഷ പദവിവരെ.

ഇന്ത്യാ വിഭജനത്തിന്റെ സങ്കീര്‍ണ്ണത മുറ്റിയ, നിരോധനത്തിന്റെ ഭീഷണികള്‍ വാതിലില്‍ മുട്ടി വിളിക്കുന്ന കാലം. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ ധീരനേതൃത്വമായിരുന്ന പ്രസിഡന്റ് സത്താര്‍ സേട്ടുസാഹിബ് ഉദ്യോഗാര്‍ത്ഥം പാക്കിസ്താനിലേക്ക് പോയ ശൂന്യതയും. ആ പ്രതിസന്ധി ഘട്ടത്തില്‍ കെ.എം സീതിസാഹിബിന്റെ സ്‌നേഹപൂര്‍ണമായ സമ്മര്‍ദ്ദത്താല്‍ ബാഫഖിതങ്ങള്‍ സമുദായത്തിന്റെ അമരമേറ്റെടുത്തു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍. ആത്മീയ രംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറര്‍. മദ്രസാ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിന്റെ നേതൃത്വം. പള്ളി ദര്‍സുകള്‍ ആധുനീകരിച്ച് ഉന്നത മത ബിരുദത്തിന് പ്രാപ്തമാക്കാന്‍ കേരളത്തില്‍ അറബിക് കോളജുകളുടെ ആരംഭമായി ജാമിഅഃ നൂരിയ്യ സ്ഥാപനത്തിനു മുന്നിട്ടിറങ്ങി. മുസ്‌ലിം വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഫാറൂഖ്, മമ്പാട്, തിരൂരങ്ങാടി, മണ്ണാര്‍ക്കാട് തുടങ്ങി നിരവധി കോളജുകള്‍, എണ്ണമറ്റ സ്‌കൂളുകള്‍, യതീംഖാനകള്‍ എന്നിവയെല്ലാം രൂപപ്പെടുത്താന്‍ ബാഫഖിതങ്ങള്‍ സ്വയം ഒരു പ്രസ്ഥാനമായി. സമ്പത്തും ആരോഗ്യവും സമര്‍പ്പിച്ചു. മലപ്പുറം ജില്ലയും കാലിക്കറ്റ് സര്‍വകലാശാലയുമെല്ലാം ബാഫഖി തങ്ങളുടെ ഉത്സാഹ മുദ്രകള്‍. ന്യൂനപക്ഷ, പിന്നാക്ക ജനതയില്‍ അറിവും ആത്മാഭിമാനവും അവകാശബോധവും വളര്‍ത്താന്‍ 'ചന്ദ്രിക'യെ ഉന്നത വിഹായസ്സിലേക്ക് നയിച്ച മാനേജിങ് ഡയരക്ടര്‍. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളെ ധര്‍മ്മബോധമുള്ളവരായി ഒരുക്കിയെടുത്ത സമുദായ പരിഷ്‌കര്‍ത്താവ്. അതിനൊപ്പം കോഴിക്കോടും ബര്‍മ്മയുമുള്‍പ്പെടെ നാട്ടിലും മറുനാട്ടിലും പരന്നുകിടക്കുന്ന വ്യാപാരരംഗം. വിപുലമായ കുടുംബശൃംഖല. 21 മക്കള്‍. അവരുടെ വിദ്യാഭ്യാസമുള്‍പ്പെടെ ദൈനംദിന ജീവിതവ്യവഹാരങ്ങള്‍. ഇതിനെല്ലാമിടയില്‍ അനാഥരും അഗതികളുമായവര്‍ക്കു ആഹാരത്തിനും പഠനത്തിനും മത സ്ഥാപനങ്ങളുടെ നടത്തിപ്പിനും കൃത്യമായി പണമെത്തിച്ച് കൊടുക്കുന്ന ജാഗ്രത.

വര്‍ഗീയ കലാപങ്ങളുടെ തീ പടരാന്‍ തുടങ്ങിയ നടുവട്ടത്തും പയ്യോളിയിലും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും ബാഫഖി തങ്ങള്‍ ജീവന്‍ പണയംവെച്ച് നടത്തിയ സമാധാന ശ്രമങ്ങളും അക്രമം പ്രതീക്ഷിക്കാവുന്ന ദേശങ്ങളിലൂടെയുള്ള കാല്‍നട ശാന്തിയാത്രകളും ചരിത്രത്തില്‍ രേഖപ്പെട്ടതാണ്.

സൂഫീ മാനസനായ രാഷ്ട്രീയാചാര്യന്‍ ഖാഇദെമില്ലത്തിനെ ബാഫഖിതങ്ങള്‍ 'തലൈവര്‍' എന്ന് വിളിക്കുമ്പോള്‍ തിരിച്ച് അദ്ദേഹം പറയും; തങ്ങളാണ് എന്റെ തലൈവര്‍. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും എന്ന ചേരുവ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വിത്തിട്ട മൈത്രിയുടെ പൂമരം. അതാണ് സി.എച്ചിലൂടെ, ശിഹാബ് തങ്ങളിലൂടെ പില്‍ക്കാലം സ്‌നേഹ സുഗന്ധം പരത്തിയത്. ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിലൂടെ പുതിയ കാലം ഹൃദയത്തിലേറ്റുവാങ്ങുന്നതും.

1958 അവസാനം. തൃശൂര്‍ ജില്ലയിലെ മണത്തലയില്‍ ക്ഷേത്രത്തിനും പള്ളിക്കും മുമ്പിലൂടെ വാദ്യഘോഷങ്ങളുമായി പോകുന്നത് സംബന്ധിച്ച തര്‍ക്കം ഭീകരമായ വര്‍ഗീയ കലാപത്തിലേക്ക് വഴുതുമെന്നറിഞ്ഞ് ബാഫഖിതങ്ങള്‍ ഓടിയെത്തിയ രംഗം പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ എം. അലിക്കുഞ്ഞി വിവരിക്കുന്നുണ്ട്. ഒത്തുതീര്‍പ്പിനു ശ്രമിച്ച കെ. കേളപ്പനെപോലും ജനസംഘക്കാര്‍ കൂവി. ഈ ഘട്ടത്തിലാണ് ബാഫഖിതങ്ങളും കേളപ്പനും വി.എം നായരും അനുരഞ്ജന സംഭാഷണത്തിന് ചാവക്കാട് ടി.ബിയില്‍ എത്തിയത്.

ചര്‍ച്ചക്കിടെ ബാഗില്‍നിന്ന് മുസല്ലയെടുത്ത് അസര്‍ നമസ്‌കരിക്കട്ടെ എന്നുപറഞ്ഞ് വെള്ളമെടുക്കാന്‍ കെറ്റിലുമായി അദ്ദേഹം കുളിമുറിയിലേക്ക് പോയി. ഉടന്‍ തിരിച്ചുവന്നത് കണ്ടപ്പോള്‍ നമസ്‌കാരം കഴിഞ്ഞോ എന്ന് കേളപ്പന്‍ ചോദിച്ചു. വെള്ളമില്ലെന്നായിരുന്നു തങ്ങളുടെ മറുപടി. ഇതുകേട്ട് ഒരു ജനസംഘം വളണ്ടിയര്‍വന്ന് തങ്ങളുടെ കൈയില്‍നിന്ന് കെറ്റില്‍ വാങ്ങി പുറത്തേക്കോടി. എവിടെയോ പോയി വെള്ളം കൊണ്ടുവന്നു. തങ്ങള്‍ 'വുളു'എടുക്കാന്‍ തുടങ്ങിയപ്പോള്‍ കൈയിലേക്ക് വെള്ളമൊഴിച്ചുകൊടുക്കുകയാണ് ജനസംഘം വളണ്ടിയര്‍.

ബാഫഖിതങ്ങള്‍ എന്ന ആ സ്‌നേഹമഴയില്‍ കെട്ടുപോയി എല്ലാ കലാപ തീനാളങ്ങളും

സി.പി സൈതലവി
1/19/2015
ചന്ദ്രിക ദിനപത്രം

ബാഫഖിതങ്ങള്‍ കേരളീയ സാമുദായിക സൗഹാര്‍ദത്തിന്റെ ശില്‌പി


കോഴിക്കോട്: വര്‍ഗീയതകള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി കേരളീയ പൊതുമനസ്സിനെ ഒരുമിപ്പിച്ച രാഷ്ട്രീയത്തിന്റെ ശില്പിയായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ബാഫഖി ട്രസ്റ്റ് സംഘടിപ്പിച്ച സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ 42ാം വാര്‍ഷികഅനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി.

ബാഫഖിതങ്ങള്‍ സ്മാരക വൈദ്യശ്രേഷ്ഠ അവാര്‍ഡ് ഡോ. സി.കെ. രാമചന്ദ്രന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. സര്‍വമേഖലയിലും പ്രകാശംപരത്തിയ വ്യക്തിത്വമായിരുന്ന തങ്ങള്‍, കേരളത്തിന്റെ ഭരണനിയന്ത്രണം നടത്തിയ വ്യക്തികൂടിയായിരുന്നുവെന്ന് ബഷീറലി തങ്ങള്‍ പറഞ്ഞു. ബാഫഖിതങ്ങള്‍ കേരള രാഷ്ട്രീയത്തിലെ കിങ്‌മേക്കറായിരുന്ന കാലത്ത് അദ്ദേഹവുമായി വൈയക്തികമായുണ്ടായ അടുപ്പം തന്റെ ജീവിതത്തിലെ അവിസ്മരണീയഘട്ടമാണെന്ന് ഡോ. സി.കെ. രാമചന്ദ്രന്‍ പറഞ്ഞു.

അധ്യാപക അവാര്‍ഡ് ജേതാവ് പി.ടി. മുസ്തഫയ്ക്ക് എം.പി. വീരേന്ദ്രകുമാര്‍ ഉപഹാരം സമ്മാനിച്ചു. പി.എസ്.പി.ലീഗ് ഐക്യം കേരളരാഷ്ട്രീയത്തിന്റെ ഭാവിനിര്‍ണായക ശക്തിയായതിന് പിന്നില്‍ ബാഫഖി തങ്ങളുടെ നേതൃവൈഭവമാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു. സമുദായത്തോടുള്ള പ്രതിബദ്ധതയോടൊപ്പം എല്ലാവരെയും കൂട്ടിയോജിപ്പിക്കുകയായിരുന്നു തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി ഖുര്‍ആന്‍ പാരായണം നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി പുരസ്‌കാരജേതാവ് സി.കെ. രാമചന്ദ്രനെ പരിചയപ്പെടുത്തി. വിദ്യാഭ്യാസ സഹായവിതരണം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി നിര്‍വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, വി.പി. ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഹസന്‍ ബാഫഖി സ്വാഗതം പറഞ്ഞു.

News @ Mahrubhumi

ബാഫഖി തങ്ങള്‍ എന്ന നിറകുടം

ആകാരസൗഷ്ഠവും വേഷവിധാനവും ഹൃദ്യമായ പുഞ്ചിരിയുമായി കേരളം മുഴുവന്‍ നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവ്. ഹൈസ്‌കൂളിന്റെ പടിപോലും കയറിയിട്ടില്ലെങ്കിലും മതവിദ്യാഭ്യാസത്തിലും ലൗകിക വിദ്യാഭ്യാസത്തിലും വലിയ താത്പര്യം കാട്ടിയ ശുദ്ധമനസ്‌കന്‍. വെളുത്ത തലക്കെട്ടും കറുത്ത കോട്ടുമായി എല്ലാ അര്‍ഥത്തിലും സ്വര്‍ണവര്‍ണത്തിളക്കം കാട്ടി ഓടിനടന്ന ജനപ്രിയന്‍. അതായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍.

തുളുമ്പാത്ത നിറകുടം. രാഷ്ട്രീയ രംഗത്തും ആധ്യാത്മിക രംഗത്തുമടക്കം പൊതുരംഗത്താകെ നിറഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞ ധാര്‍മിക ജീവിതമായിരുന്നു ബാഫഖി തങ്ങളുടേത്. സ്‌കോളര്‍ഷിപ്പ് എന്ന ആശയം സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സ്വന്തം കീശയില്‍ നിന്നു പണമെടുത്തു വിദ്യാര്‍ഥികള്‍ക്ക് പഠനച്ചെലവായി നല്‍കിയ തങ്ങള്‍, അവരിലൊരാള്‍ ഒരു പ്രശസ്ത കോളജിന്റെ പ്രിന്‍സിപ്പലാവുന്നതിനും മറ്റൊരാള്‍ കേരളത്തിലെ ഒരേ ഒരു മുസ്‌ലിം മുഖ്യമന്ത്രി ആകുന്നതിനും കാരണക്കാരനായി.

സഊദി അറേബ്യയുടെ വിളിപ്പാടകലെ യമനില്‍ ഹിജാസിലെ 'ഹളര്‍മൗത്ത്'എന്ന സ്ഥലത്ത് നിന്ന് 250 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊയിലാണ്ടണ്ടിയിലെത്തിയ സയ്യിദ് കുടുംബത്തിലാണ് ബാഫഖി തങ്ങളുടെ (1905-1973) ജനം. പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി. അരിച്ചാക്കുകള്‍ക്കും കണക്കു പുസ്തകങ്ങള്‍ക്കുമിടയിലായി വ്യാപാര രംഗവുമായിട്ടായിരുന്നു ബാഫഖി തങ്ങളുടെ ബാല്യകാല ബന്ധം. കോഴിക്കോട്ടെ പ്രശസ്തനായ ഭിഷഗ്വരന്‍ ഡോ. സി.കെ രാമചന്ദ്രന്‍, തങ്ങള്‍ പറഞ്ഞ ഒരു രഹസ്യം 'ബാഫഖി തങ്ങള്‍ സ്മാരകഗ്രന്ഥ'ത്തില്‍ പറയുകയുണ്ടായി; 'പന്ത്രണ്ടണ്ടു വയസു മുതല്‍ പതിനാലു വര്‍ഷം തങ്ങള്‍ കൊയിലാണ്ടണ്ടിയില്‍ പിതൃസഹോദരന്റെ അരിക്കടയില്‍ ഒരു രൂപ ദിവസവേതനം പറ്റി ജോലിക്കു നിന്നിരുന്നു. ഒടുവില്‍ കുറച്ചു പണവുമായി കോഴിക്കോട്ടു കച്ചവടം തുടങ്ങി. താന്‍ ബുദ്ധിമുട്ടിയാണ് കഴിഞ്ഞതെന്നും തന്റെ മക്കളും ബുദ്ധിമുട്ടിത്തന്നെയാണ് വളരേണ്ടണ്ടതെന്നും തങ്ങള്‍ പറഞ്ഞു...'

വലിയങ്ങാടിയില്‍ ചെറിയ തരത്തില്‍ അരിക്കച്ചവടം നടത്തിക്കൊണ്ടണ്ടിരുന്ന ബാഫഖി തങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനായ കെ.എം കാതിരിക്കോയ ഹാജിയുടെ സ്വാധീനത്തില്‍പെട്ടാണ് ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 1936ലെ മദ്രാസ് നിയമസഭാതെരഞ്ഞെടുപ്പ്. തന്റെ അളിയനായ ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങള്‍ മത്സരിക്കുന്നു. അപ്പോഴാണ് ബാഫഖി തങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങിയത്. കോഴിക്കോട്- കുറുമ്പ്രനാട് മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ഥിയായ ലീഗ് നേതാവ് ബി. പോക്കര്‍ സാഹിബിനെ ആറ്റക്കോയ തങ്ങള്‍ തോല്‍പിച്ചെങ്കിലും പിന്നീട് ആറ്റക്കോയ തങ്ങളും ബാഫഖി തങ്ങളും അവരുടെ സ്ഥാനം ലീഗിലാണെന്നു മനസിലാക്കി ഹരിതപതാകയ്ക്കു കീഴില്‍ അണിനിരന്നു. പ്രചാരണ രംഗത്ത് സജീവമായ ബാഫഖി തങ്ങള്‍ പൊന്നാനി ചമ്രവട്ടത്ത് ഒരു യോഗം കഴിഞ്ഞ് ഒരു ചായപ്പീടികയുടെ ബെഞ്ചില്‍ കിടന്നുറങ്ങിയതും വയനാട്ടിലെ പ്രചാരണത്തിനിടയില്‍ വാഹനം കിട്ടാതെ ലോറിയില്‍ കയറിപ്പോയതുമൊക്കെ പില്‍ക്കാലത്ത് അദ്ദേഹത്തെ അകമ്പടി സേവിച്ച പഴയകാല പത്രലേഖകനായ എം ആലിക്കുഞ്ഞി അനുസ്മരിക്കുകയുണ്ടണ്ടായി.

ടൗണ്‍ കമ്മിറ്റി ട്രഷറര്‍ പദവി നല്‍കി പാര്‍ട്ടി അദ്ദേഹത്തെ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലില്‍ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. വ്യാപാരി സംഘടനയായ മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടും ബാഫഖി തങ്ങള്‍ കോഴിക്കോട്ട് സജീവ സാന്നിധ്യമായി. തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെയും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെയും പ്രവര്‍ത്തന രംഗത്തും സാന്നിധ്യമറിയിച്ചു.

വോട്ടെടുപ്പിലൂടെ ഇന്ത്യയിലാദ്യമായി അധികാരമേറ്റ സല്‍ഭരണം വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സെല്‍ ഭരണം തുടങ്ങിയപ്പോള്‍ വിമോചന സമരത്തിന്റെ നേതൃനിരയില്‍ വരാതിരിക്കാന്‍ ആ രാഷ്ട്രീയ നേതാവിനു സാധിച്ചില്ല. വി.ആര്‍ കൃഷ്ണയ്യരെ നിയമസഭയിലെത്തിക്കുന്നതിലും എസ്.കെ പൊറ്റെക്കാടിനെ ലോക്‌സഭയിലേക്ക് ജയിപ്പിക്കുന്നതിലും വി.വി ഗിരിയെ രാഷ്ട്രപതി സ്ഥാനത്തെത്തിക്കുന്നതിലും രാഷ്ട്രീയാതീതമായി ചിന്തിക്കുന്ന രാജ്യതന്ത്രഞ്ജത അദ്ദേഹം പ്രകടമാക്കി. മണിക്കൂറുകള്‍ പ്രസംഗിച്ചിട്ടും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കനുകൂലമായി വോട്ടുകള്‍ നേടിയെടുക്കാന്‍ കഴിയാത്തതിനു വി.കെ കൃഷ്ണമേനോനെ പരസ്യമായി വിമര്‍ശിക്കാനും അദ്ദേഹത്തിനു മടിയുണ്ടണ്ടായില്ല.

അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ നേതൃനിരയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം ഉയര്‍ന്നത് പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യം പ്രകടമാക്കിക്കൊണ്ടണ്ടാണ്.സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍ ആയിരുന്നു. ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തും അദ്ദേഹം നടത്തിയ യാത്രകള്‍ക്ക് എണ്ണമില്ല.

മലബാറിലെ നിരവധി പള്ളികളുടെയും മദ്‌റസകളുടെയും പ്രമുഖ ഭാരവാഹിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിനെ ഒരു സര്‍വകലാശാലാ നിലവാരത്തിലുയര്‍ത്താന്‍ സ്ഥാപക പ്രസിഡന്റായ അദ്ദേഹത്തിനു കഴിഞ്ഞു. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും നേതൃനിരയില്‍ അദ്ദേഹം തിളങ്ങിനിന്നു. കോഴിക്കോട് പുഴവക്കത്തെ മഹിയിദ്ദീന്‍ പള്ളിയും തലശ്ശേരി മൈതാനത്തെ ജുമാഅത്ത് പള്ളിയും എലത്തൂര്‍ ജുമാമസ്ജിദും പുതുക്കിപ്പണിയുന്നതിലും പ്രേരണയും പ്രോത്സാഹവും പിന്തുണയും ബാഫഖി തങ്ങളുടേതായിരുന്നു.

1940ല്‍ മുസ്‌ലിംലീഗ് നേതാവായ ബംഗാള്‍ മുഖ്യമന്ത്രി (അന്നുപേര് പ്രധാനമന്ത്രി) എ.കെ ഫസലുല്‍ ഹഖും പിന്നാലെ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി നവാബ്‌സാദാ ലിയാഖത്തലിഖാനും കോഴിക്കോട്ട് വന്നപ്പോള്‍ സ്വാഗതസംഘം അധ്യക്ഷനായി. ഇതിനകം ചന്ദ്രികയുടെ പ്രസാധകരായ മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പദവിയിലും എത്തി. സത്താര്‍സേട്ടു പാക്കിസ്താനിലേക്കുപോയ ഒഴിവില്‍ മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡന്റ് പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു.

നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതിന്റെ ഭാഗമായി 1948ല്‍ ഹൈദരാബാദ് ആക്ഷന്‍ നടന്നപ്പോള്‍ പാണക്കാട് പൂക്കോയ തങ്ങളടക്കം നിരപരാധികളായ പലരും അറസ്റ്റിലായി. അഞ്ചു വര്‍ഷമായി ടൗണ്‍ലീഗ് സെക്രട്ടറിപദം അലങ്കരിക്കുന്ന പി.പി ഹസന്‍കോയയും മുന്‍ സെക്രട്ടറി അഡ്വ. എം.വി ഹൈദ്രോസും ഉള്‍പ്പെടെ പല പ്രമുഖരും അപകടം മണത്ത് ലീഗില്‍ നിന്നു രാജിവച്ചു. അക്കാലത്ത് ഭീഷണികളെയെല്ലാം എതിരിട്ട് ലീഗില്‍ ഉറച്ചുനിന്ന ബി.വി അബ്ദുല്ലക്കോയയുമായി ബാഫഖി തങ്ങള്‍ക്ക് ഉറച്ച സൗഹൃദമായിരുന്നു. ഇരുവരും കോഴിക്കോട്ടുള്ളപ്പോള്‍ കുടിക്കാഴ്ചകള്‍ നടക്കാത്ത ദിവസങ്ങള്‍ വിരളം. സിറ്റി കമ്മിറ്റിയിലും സിറ്റി റിലീഫ് കമ്മിറ്റിയിലും ബാഫഖി തങ്ങള്‍ സാരഥിയായപ്പോള്‍ ബി.വി സജീവമായിത്തന്നെ ഒപ്പം നിന്നു.

മുസ്‌ലിം ലീഗിന്റെ നിര്‍ണായക തീരുമാനങ്ങള്‍ മിക്കതും പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ സ്വയം ഏറ്റെടുക്കാതെ പ്രസിഡന്റണ്ടിനു വിടുകയായിരുന്നു പതിവ്. എന്നാല്‍ പ്രസിഡന്റ് ആകട്ടെ, സീനിയര്‍ നേതാക്കളുമായി ബന്ധപ്പെട്ട ശേഷം മാത്രമാണ് തീരുമാനം പ്രഖ്യാപിക്കാറ്. ഖാഇദെ മില്ലത്തിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍, പകരം നില്‍ക്കാന്‍ ആരുണ്ടെണ്ടന്ന ആലോചന വന്നപ്പോള്‍ ബാഫഖി തങ്ങളിലേക്ക് വിരല്‍ ചൂണ്ടണ്ടിയതും ബി.വി ആയിരുന്നെന്നു പ്രശസ്ത പത്രലേഖകന്‍ എ.എം കുഞ്ഞിബാവ പറയുന്നു.

അഖിലേന്ത്യാതലത്തില്‍ അറിഞ്ഞു തുടങ്ങുന്നേയുള്ളുവങ്കിലും കേരളത്തില്‍ ഇതരസമുദായങ്ങളുടെ കൂടി സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ നേതാവാണ് ബാഫഖി തങ്ങള്‍. തമിഴ്‌നാട് ലീഗ് പ്രസിഡന്റ് എ.കെ.എ അബ്ദുസമദും നിര്‍ദേശത്തെ പിന്‍താങ്ങി. തനിക്കു പ്രായാധിക്യമുണ്ടെന്നും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനോ ഉര്‍ദുവില്‍ പ്രസംഗിക്കാനോ അറിയില്ലെന്നും പറഞ്ഞു തങ്ങള്‍ ഒഴിഞ്ഞുമാറാന്‍ നോക്കി. മറ്റു കക്ഷികള്‍ കൂടി ആദരിക്കുന്ന വ്യക്തിത്വമാണ് തങ്ങളുടേതെന്നും സമുദായം ഏല്‍പ്പിക്കുന്ന ദൗത്യം തട്ടിമാറ്റരുതെന്നും പലരും വികാരഭരിതരായി പറഞ്ഞുതുടങ്ങിയപ്പോള്‍ മോശമായ ആരോഗ്യ നിലയിലും അംഗീകരിക്കുകയല്ലാതെ ബാഫഖി തങ്ങള്‍ക്കു വഴിയില്ലാതായി.

അവസാനഘട്ടങ്ങളില്‍ സ്വന്തമായ തീരുമാനമെടുക്കുന്നതില്‍ ബാഫഖിതങ്ങള്‍ക്ക് ശാരീരികമായും മാനസികമായും പ്രയാസങ്ങള്‍ നേരിട്ടിരുന്നുവോ എന്നു ചിലരെങ്കിലും സംശയിച്ചിരുന്നു. അടുത്ത സഹപ്രവര്‍ത്തകരില്‍ രണ്ടണ്ടുപേരുടെ കടുത്ത പിടിവാശിയായിരുന്നു കാരണം. 1972ല്‍ സുലൈമാന്‍സേട്ട് ലോക്‌സഭയിലേക്ക് ജയിച്ചത് കാരണം രാജ്യസഭയില്‍ ഒഴിവുവന്ന സീറ്റ് ബി.വിയും കാസര്‍കോട്ടെ ഹമീദലി ഷംനാടും രണ്ടണ്ടരകൊല്ലം വീതം പങ്കുവയ്ക്കണമെന്നു ബാഫഖി തങ്ങള്‍ക്കു തീരുമാനിക്കേണ്ട@ിവന്നത് ഈ സമ്മര്‍ദ്ദത്തിലായിരുന്നു. 1972ല്‍ കേരള മന്ത്രിസഭയില്‍ നിന്നു സി.എച്ചിനെ പിന്‍വലിച്ചു ലോക്‌സഭാ സീറ്റിലേക്കു സ്ഥാനാര്‍ഥിയാക്കാന്‍ ബാഫഖി തങ്ങള്‍ നിര്‍ബന്ധിതനായതും ഈ സമ്മര്‍ദ്ദത്താലായിരുന്നു. പാണക്കാട് പൂക്കോയ തങ്ങളെപ്പോലുള്ള നേതാക്കള്‍ നേരിട്ടുവന്നു പറഞ്ഞിട്ടും ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവന്ന ബാഫഖി തങ്ങള്‍ അസ്വസ്ഥനായിരുന്നു .സി.എച്ചിനെ മഞ്ചേരി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തങ്ങള്‍ കോഴിക്കോട്ട് പത്രസമ്മേളനം നടത്താന്‍ പോവുകയാണെന്നറിയിച്ചപ്പോള്‍ ഡല്‍ഹിയിലായിരുന്ന അബ്ദുല്ലക്കോയ കുതിച്ചെത്തി.

എന്നാല്‍ ബി.വി എത്തുംമുമ്പു തന്നെ പത്രസമ്മേളനം ബാഫഖി തങ്ങള്‍ക്കു നടത്തേണ്ടണ്ടിവന്നു. ഇതും ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാണെന്നും പറയപ്പെട്ടിരുന്നു. സി.എച്ചിന്റെ പിന്‍ഗാമിയായി മന്ത്രിസഭയില്‍ ആര് എന്നു തിരുമാനിക്കാനുള്ള സാവകാശം പോലും അന്നു തങ്ങള്‍ക്കു കിട്ടിയില്ല. എങ്കിലും പിന്നാലെയുള്ള ഹജ്ജ് യാത്ര സന്തോഷത്തോടെ തന്നെയാണ് നിര്‍വഹിച്ചത്. ഡോക്ടര്‍മാരുടെ വിലക്കുണ്ടണ്ടായിട്ടും പുണ്യയാത്രയ്ക്ക് ഇറങ്ങിത്തിരിച്ച തങ്ങള്‍, വിശുദ്ധ ഭൂമിയില്‍ തന്നെ ആവട്ടെ തന്റെ അന്ത്യവും കബറടക്കവും എന്നു ചിന്തിച്ചു കാണുമായിരിക്കാം.

1973 ജനുവരി 19നു പുണ്യഹജ്ജ് കര്‍മങ്ങളെല്ലാം നിര്‍വഹിച്ചശേഷം ബാഫഖി തങ്ങള്‍ വിശുദ്ധമക്കയില്‍ അന്ത്യശ്വാസം വലിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മുസ്‌ലിം ലോകം കേട്ടത്. ഒപ്പമുണ്ടണ്ടായിരുന്ന സത്താര്‍സേട്ട്, സുലൈമാന്‍ സേട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍ഹാജി, എം.കെ.സി അബുഹാജി, എം.ആലിക്കുഞ്ഞി, പി.കെ. ഉമ്മര്‍ഖാന്‍, സയ്യിദ് അമീന്‍ ബാഫഖി എന്നിവര്‍ ഘനീഭവിച്ച ദുഃഖം പങ്കിട്ടു.

പ്രവിശാലമായ ഹറം മസ്ജിദില്‍ ലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ജനാസ നിസ്‌കാരത്തിനുശേഷം ഒരു കിലോമീറ്റര്‍ അകലെ മക്കയിലെ പ്രസിദ്ധമായ 'ജന്നതുല്‍ മുഅല്ല'യിലാണ് തങ്ങളെ ഖബറടക്കിയത്. പുണ്യനബിയുടെ ആദ്യപത്‌നിയും ഇസ്‌ലാംമതം വിശ്വസിച്ച ആദ്യ വനിതയുമായ ഹസ്രത്ത് ഖദീജയെ(റ) മറവുചയ്ത പരിശുദ്ധ മക്കയിലെ മഖ്ബറയ്ക്കു സമീപം. 23-ാം തവണ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച അതേ പുണ്യഭൂമിയില്‍.


എന്‍. അബു
Suprabhaatham Daily
19.01.2014

കാറ്റിനു കെടുത്താനാവാത്ത വിളക്ക്

ഓര്‍മ്മകളില്‍ നിന്ന് കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്ത ചില മുഖങ്ങളുണ്ട്. അവര്‍ സമൂഹത്തിന്റെ ചരിത്രപരമായ അടയാളമായി നിലനില്‍ക്കുമ്പോള്‍ തന്നെ ചിലരുടെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ വിളക്കായും മാറുന്നു. സി.എച്ച് എന്ന പിതാവിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതം കണ്ടുകൊണ്ടാണ് തന്റെ ജീവിത വളര്‍ച്ച ആരംഭിക്കുന്നത്. നീതിയും സ്‌നേഹവും ഒരുമിച്ചുകൊണ്ടുപോകാന്‍ എന്നും അദ്ദേഹം കാണിച്ച ധൈര്യം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ ഉറച്ച നില്‍പ്പിന്റെ പിന്നില്‍ വിശുദ്ധവും ആഴമേറിയതുമായ ഒരു വിളക്കുണ്ടായിരുന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ എന്ന തീക്ഷ്ണമായ പ്രഭ ചൊരിയുന്ന വിളക്ക്. ശത്രുക്കള്‍ക്കുപോലും നുണയുടെ കൊടുങ്കാറ്റുകൊണ്ട് ഊതിക്കെടുത്താനാവാത്ത ബാഫഖി തങ്ങളുടെ പ്രകാശ പരിസരത്തുനിന്നാണ് ബാപ്പയുടെ ജീവിതത്തിനു ചിറക് മുളയ്ക്കുന്നത്.

പഠനത്തിലെ മിടുക്കിനു ലഭിച്ച സ്‌കോളര്‍ഷിപ്പുമായി കൊയിലാണ്ടിയിലെ സ്‌കൂളില്‍ ബാപ്പയെ കൊണ്ടുപോയി ചേര്‍ത്തുകൊണ്ടായിരുന്നു ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ വരവ്. എന്നാല്‍ ബാപ്പക്ക് താമസിക്കാന്‍ ഇടമുണ്ടായിരുന്നില്ല. ദിവസവും വീട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ കടവ് കടന്നു വരികയും വേണം. മാത്രമല്ല, ദിവസേന പോയി വരികയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരു വഴി തെളിയാതെ നില്‍ക്കുന്ന ബാപ്പക്ക്, ആവശ്യപ്പെടുന്നതിനു മുമ്പ് മാണിക്കം വീട്ടില്‍ മമ്മുഹാജിയുടെ വസതിയില്‍ താമസമൊരുക്കിക്കൊടുത്തു.
ആ ജീവിതത്തിനു തണലായി അന്നു തൊട്ട് ബാഫഖി തങ്ങള്‍ കൂടെ നിന്നു. മറ്റുകുട്ടികളില്‍ കാണാത്ത ചില പ്രത്യേകതകളും പ്രഭാഷണമികവും തിരിച്ചറിഞ്ഞ ബാഫഖി തങ്ങള്‍ വേദിയില്‍വെച്ച് സ്വന്തം പ്രസംഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും. വളരെ കുറച്ച് കാര്യങ്ങള്‍ വളരെ സൂക്ഷ്മതയോടെ സംസാരിക്കുന്നതായിരുന്നു തങ്ങളുടെ രീതി. വാക്കുകള്‍ കുറയ്ക്കുക പ്രവര്‍ത്തനങ്ങളില്‍ മുഴുകുക എന്ന വിശ്വാസമാകാം അത്.

എന്നാല്‍ അതിനോടൊപ്പംതന്നെ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ആരും പെട്ടെന്ന് അവസരം നല്‍കാത്ത ഒരാളെ വേദിയില്‍ അവതരിപ്പിക്കാനും അവസരം നല്‍കാനും പിശുക്ക് കാണിച്ചില്ല. ഓരോ വേദിയില്‍വെച്ചും അദ്ദേഹം അതു തുടര്‍ന്നുപോന്നു. ബാഫഖി തങ്ങളുടെ പ്രസംഗം കഴിഞ്ഞാലുടന്‍ അദ്ദേഹം മൈക്കില്‍ ആള്‍ക്കൂട്ടത്തോട് പറയും: 'എനി നിങ്ങളോട് ഒരു പയ്യന്‍ സംസാരിക്കും.' ഈ പയ്യന്‍ എന്നു വിളിക്കുന്ന ബാപ്പയ്ക്ക് ആത്മവിശ്വാസം പകരുന്ന ഒരാള്‍ക്കൂട്ടത്തെ സമ്മാനിച്ച് പിന്‍വാങ്ങുന്നത് മൂപ്പരുടെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. ശുദ്ധമലയാളത്തില്‍ ആള്‍ക്കൂട്ടത്തെ ത്രസിപ്പിക്കുന്ന ബാപ്പയുടെ പ്രസംഗം ആസ്വദിക്കുന്നതില്‍ ബാഫഖി തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. മനോഹരമായ വാക്കുകള്‍കൊണ്ട് വീര്യത്തോടെ വേദിയില്‍ നിറഞ്ഞാടുമ്പോള്‍, ആ പയ്യന്റെ വാക്കുകളെ ആള്‍ക്കൂട്ടം ആരവത്തോടെ സ്വീകരിക്കുമ്പോള്‍, ഭാവിയുടെ നേതാവായി ബാഫഖി തങ്ങള്‍ അദ്ദേഹത്തെ ഉള്ളില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞിരുന്നു.

ഒപ്പം വെടിപൊട്ടിക്കോയ എന്നൊരു പേരും ബാപ്പയ്ക്ക് തങ്ങള്‍ എഴുതിച്ചേര്‍ത്തു. ഈ ചെറു പ്രായത്തില്‍ ഇത്ര ഗംഭീരമായി പല്ലുകള്‍ക്കിടയില്‍വെച്ച് വാക്കുകളെ മെരുക്കി ഗംഭീരമായി പ്രസംഗിച്ച് കൈയ്യടി വാരിക്കൂട്ടുന്ന ഈ പയ്യനെ വെടിപൊട്ടിക്കോയ എന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കുകയെന്നു ചോദിക്കും. ആ ബന്ധം കാലത്തിനോ രാഷ്ട്രീയമാനങ്ങള്‍ക്കോ അധികാരക്കസേരകള്‍ക്കോ തകര്‍ക്കാനാവാതെ തുടര്‍ന്നു. ബാപ്പ വളര്‍ന്നു. ജനകീയനായ മന്ത്രിയായി. തിരുവനന്തപുരത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായിമാറി ബാഫഖി തങ്ങള്‍. വരുമ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും സമ്മാനമായി കൊണ്ടുവരികയെന്ന പതിവും തുടര്‍ന്നു. ഒരിക്കല്‍ മനോഹരമായ എട്ട് സ്ട്രാപ്പിന്റെ വാച്ചുമായി അദ്ദേഹം വീട്ടില്‍ വന്നു. അതെന്റെ മൂത്ത പെങ്ങള്‍ക്ക് സമ്മാനിച്ചു. കുറച്ച് നേരത്തിനുള്ളില്‍ അതിലൊരെണ്ണം കാണാതെയായി. മൂപ്പര് വീണ്ടും എണ്ണി. 'ഇതിലൊരെണ്ണം ആരോ തട്ടിയെടുത്തതാണ്. പോട്ടെ, സാരമില്ല, ഏഴെണ്ണം ബാക്കിയുണ്ടല്ലോ' എന്നു പറഞ്ഞു സമാധാനിപ്പിക്കും.

ഇടയ്ക്കിടെ വീട്ടില്‍ വരുന്ന ആ മനുഷ്യന്റെ വലിപ്പം ഞങ്ങള്‍ കുട്ടികള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുത്തുക്കുട വെച്ച ജീപ്പില്‍ അദ്ദേഹത്തെ ആനയിച്ചുകൊണ്ടുപോകുന്ന കാഴ്ചയുടെ മുന്നില്‍ ഞാന്‍ അമ്പരന്നുനിന്നുപോയി. ആയിരക്കണക്കിനാളുകള്‍ സ്‌നേഹത്തിന്റെ സമുദ്രമായി ആ ജീപ്പിന് മുന്നിലും പിന്നിലും നീങ്ങുന്നതു കണ്ടപ്പോഴാണ് വീട്ടില്‍ വന്നു സാധാരണപോലെ പെരുമാറുന്ന ബാഫഖി തങ്ങള്‍ എന്ന മനുഷ്യന്റെ ജനകീയ പിന്തുണയും കരുത്തും ഞാന്‍ തിരിച്ചറിയുന്നത്. മൂത്ത പെങ്ങളുടെ നിക്കാഹ് ഏതാണ്ട് ഉറപ്പായപ്പോള്‍ അത് തങ്ങളുടെ കൊയിലാണ്ടിയിലെ വീട്ടില്‍വെച്ച് നടത്തണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മുന്‍ നിരയില്‍ ബാഫഖി തങ്ങള്‍ നിന്ന് ഏറ്റവും ഉചിതമായ ഒരന്തരീക്ഷത്തില്‍വെച്ച് മൂത്ത സഹോദരിയുടെ നിക്കാഹ് അവിടെ വെച്ചു കഴിഞ്ഞു.

ബാഫഖി തങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളും അതില്‍ പങ്കുകൊണ്ടു. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ബാപ്പക്കൊപ്പം ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നു. ബാപ്പയുടെ കരുത്തും അതായിരുന്നു. ബാഫഖി തങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയത് സത്യമായിരുന്നു. സത്യത്തോടൊപ്പം നില്‍ക്കുക എന്നതുമാത്രം.
നിയമസഭ സെക്രട്ടറിയായിരുന്ന പ്രസന്നന്‍ എഴുതിയ 'നിയമസഭയില്‍ നിശബ്ദനായി' എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും ചില ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍ ആ ധാരണ മുഴുവനും നുണയാണെന്ന് ഇ. എം. എസ് പറഞ്ഞതോടെ ബാഫഖി തങ്ങള്‍ നുണയനായി മാറി.

തന്റെ ജീവിതത്തില്‍ സഹിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു തങ്ങള്‍ക്കത്. അദ്ദേഹം വീറും വാശിയും വിടാതെ പത്രസമ്മേളനം വിളിച്ചു. തന്റെ പോക്കറ്റില്‍നിന്നും ചെറിയ ടേപ്പ് റെക്കോര്‍ഡര്‍ വലിച്ചെടുത്തു. ഇ.എം.എസ് പറഞ്ഞതെല്ലാം പത്രക്കാര്‍ക്കായി കേള്‍പ്പിച്ചു. ചക്രായുധം പുറത്തെടുത്ത് സത്യം വെളിവാക്കി എന്നാണ് ആ സംഭവത്തെ കേരളം അടയാളപ്പെടുത്തിയത്. ഇതേ ഇ.എം.എസിനൊപ്പം ബിരിയാണി കഴിക്കുന്ന ചിത്രവും പിന്നീട് ജനം കണ്ടു. ഒപ്പം മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറുമുണ്ട്. എന്റെ മൂത്ത പെങ്ങളുടെ കല്യാണ ദിവസമായിരുന്നു അന്ന്. ഇം. എം. എസും ബാഫഖി തങ്ങളും പ്രേംനസീറും കൂടി ഇരുന്നു ബിരിയാണി കഴിക്കുന്ന ചിത്രത്തെ പത്രങ്ങള്‍ ആഘോഷിച്ചിരുന്നു.

മാത്രമല്ല അന്ന് ബാഫഖി തങ്ങള്‍ വളരെ നേരം പ്രേംനസീറിനോട് സംസാരിച്ചു. ആള്‍ക്കൂട്ടം ദൂരെനിന്ന് ഏറെ കൗതുകത്തോടെ അത് വീക്ഷിച്ചു. സിനിമ കാണാത്ത, സിനിമ താരങ്ങളുമായി അടുപ്പമില്ലാത്ത ബാഫഖി തങ്ങള്‍ വാക്ക് മുറിയാതെ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നത് ഒരു കൗതു കാഴ്ചയായി തീര്‍ന്നു. ഒടുക്കം പിരിയാന്‍ നേരത്ത് ബാഫഖി തങ്ങള്‍ നസീറിനോട് ചോദിച്ചു: 'മോനെ അനക്കെന്താ ജോലി?'. ഇതൊരു കഥയായി പറയപ്പെടുന്നു. ഇങ്ങനെ ചില കഥകളും രസകരമായി അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്.
വാസ്തവത്തില്‍ ബാഫഖി തങ്ങളുടെ മരണത്തോടെ സംഘടനയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഭാഗ്യം ചെയ്ത മരണമായിരുന്നു. മക്കത്ത് വെച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കെ ഭൂമിയിലെ ജീവന്‍ വെടിഞ്ഞ് വിശുദ്ധിയിലേക്ക് ലയിച്ച് മരണം. പക്ഷെ ആ മരണത്തിന്റെ നഷ്ടം പിന്നീട് കേരളവും മുസ്‌ലിംലീഗും ഒരേ പോലെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗില്‍ രൂക്ഷമായ ഭിന്നതകള്‍ പ്രത്യക്ഷമായി.

കാരണം ആ സാന്നിധ്യത്തിന് ആരെയും സ്‌നേഹിച്ച് കീഴ്‌പ്പെടുത്താനും പ്രശ്‌നം പരിഹരിക്കാനും സമാധാനത്തോടെ നിലനിര്‍ത്താനുമുള്ള ശേഷിയുണ്ടായിരുന്നു. ഇന്ന് കാണുന്ന ഐക്യ ജനാധിപത്യ മുന്നണി ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ഒപ്പം ബാഫഖി തങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയതാണെന്ന് ഓര്‍ക്കണം.ഐക്യം എന്ന വാക്കിനെ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം മാനിച്ചിരുന്നു. പിന്‍തുടര്‍ന്നിരുന്നു. രാഷ്ട്രീയ ജീവിതം നയിക്കുമ്പോള്‍ മതേതരമായ ജീവിതത്തെ മുന്‍നിര്‍ത്തി ജീവിക്കാന്‍ കഴിയുക എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ബാഫഖി തങ്ങള്‍ക്ക് അത് കഴിഞ്ഞിരുന്നു. ആ വലിയ മനുഷ്യന്റെ ആത്മീയഭാവത്തെ, മനുഷ്യത്വത്തെ തിരിച്ചറിയാനും അനുഭവിക്കാനുമുള്ള അവസരം ബാല്യത്തിലെതന്നെ ലഭിച്ചിട്ടുണ്ട്. പില്‍ക്കാല ജീവിതത്തില്‍ അതെനിക്ക് ഏറെ ഗുണകരമായി ഭവിക്കുകയും ചെയ്തു.

ജീവിതം ചിലത് നമുക്ക് സമ്മാനിക്കും. അതിന്റെ വില നാം തിരിച്ചറിയുന്നത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ്. അപ്പോള്‍ സുഖമുള്ള വേദനയായി അത് അനുഭവപ്പെടും. സ്വയം തിരുത്തിയും തെളിഞ്ഞും മുന്നോട്ട് പോകാന്‍ ആ വെളിച്ചത്തെ എല്ലാ നഷ്ടത്തോടുംകൂടി അണച്ച് പിടിക്കും. ജീവിത യാത്രയിലുടനീളം ബാഫഖി തങ്ങളെ പോലുള്ളവരുടെ വെളിച്ചം പ്രതിസന്ധികളെ അതിജീവിക്കാനും തെളിമയോടെ നടക്കാനും സഹായിക്കുന്നു. ചിലര്‍ അങ്ങനെയാണ്. നമ്മള്‍ പോലുമറിയാതെ ചിലത് നമുക്ക് സമ്മാനിക്കും. അതായിരിക്കും പില്‍ക്കാലത്തെ വിലമതിക്കാനാവാത്ത സ്വത്ത്.

ഡോ. എം കെ മുനീർ
ചന്ദ്രിക ദിനപത്രം
19.01.2016